Deshabhimani

എംവിഡി ചെക്‌പോസ്റ്റിന്റെ പ്രവര്‍ത്തനം ഉടൻ നിർത്തും

K B GANESH KUMAR
വെബ് ഡെസ്ക്

Published on Mar 12, 2025, 12:00 AM | 1 min read

തിരുവനന്തപുരം: രണ്ടുമാസത്തിനകം എംവിഡി ചെക്‌പോസ്റ്റുകളുടെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നിയമസഭയെ അറിയിച്ചു. ജീവനക്കാരെ മുഴുവൻ പിൻവലിച്ച് നികുതി വകുപ്പിന്റെ കാമറയിലൂടെ വാഹന പരിശോധന നടത്താനാണ് തീരുമാനം. ചെക് പോസ്റ്റിൽ അഴിമതി നടക്കുന്നുവെന്ന ആരോപണത്തിന് ഇത് പരിഹാരമാകും. ധനാഭ്യർഥന ചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു മന്ത്രി.


പുതുതായി നിശ്ചയിച്ച 503 ഗ്രാമീണറൂട്ടിൽ ബസ് അനുവദിക്കും. ഇതിനായി കൂടുതൽ മിനിബസ്‌ വാങ്ങും. ഗതാഗതവകുപ്പിലെ ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷ വികേന്ദ്രീകരിച്ച് നല്കുന്ന യൂണിഫൈഡ് കൗണ്ടർ സിസ്റ്റം 18ന് പ്രവർത്തനം തുടങ്ങും. ബസുകളിൽ ഹൈബ്രിഡ് എസി സംവിധാനം കൊണ്ടുവരും. സാധാരണ എൻജിനിൽ നിന്ന് എസിക്കുള്ള പവർ ഉപയോഗിക്കുന്നത് ഇന്ധനക്ഷമത കുറയാൻ ഇടയാകും. ഇത് ഒഴിവാക്കി എൻജിനോടനുബന്ധിച്ച് മോട്ടോർ സ്ഥാപിച്ച് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ഏസി പ്രവർത്തിക്കുന്നതാണിത്‌. ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ ബസ് ഓടും. വിജയകരമാണെങ്കിൽ സൂപ്പർഫാസ്റ്റുകൾ അടക്കം 40 ബസിൽ ഈ സംവിധാനമാക്കും. സാധാരണ എസി ബസിനേക്കാൾ കുറഞ്ഞ ടിക്കറ്റ്‌ നിരക്കിലാണ്‌ ഓടിക്കുക.


പുതുതായി രജിസ്റ്റർ ചെയ്യുന്ന സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ കെ എൽ 90 എന്ന രജിസ്‌ട്രേഷനാകും അനുവദിക്കുക. കേന്ദ്രസർക്കാർ വാഹനങ്ങൾക്ക്‌ കെ എൽ 90 എയും. താമസിയാതെ പഴയതും ഈ നമ്പറിലേക്ക്‌ മാറ്റും. കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് വഴി പാഴ്‌സൽ വീടുകളിലെത്തിക്കുന്ന പദ്ധതിയും നടപ്പാക്കും. കുട്ടനാട്ടിൽ കായൽ സഫാരി കുട്ടനാട്ടിൽ വിനോദസഞ്ചാരികൾക്കായി കായൽ സഫാരി തുടങ്ങും. വിനോദ സഞ്ചാര, സാസ്‌കാരിക വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. കുടുംബശ്രീയുടെയും മറ്റും സഹായത്തോടെ നാടൻ ഭക്ഷണം ഒരുക്കും. പാതിരാമണൽ പോലെയുള്ള സ്ഥലങ്ങളിൽ നാടൻ കലകളുടെ പ്രദർശനത്തിന്‌ പ്രത്യേക തീയറ്ററും സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home