കപ്പൽ കേരളതീരത്തേക്ക് നീങ്ങുന്നത് തടഞ്ഞു ; പൊട്ടിയ വടം വീണ്ടും കെട്ടി

പൊട്ടിപ്പോയ വടം പുനഃസ്ഥാപിക്കാൻ ഹെലികോപ്‌റ്ററിൽനിന്ന് ദൗത്യസംഘാംഗം വാൻഹായ് കപ്പലിൽ ഇറങ്ങുന്നു
കൊച്ചി
‘വാൻഹായ് 503’ കപ്പൽ രക്ഷാദൗത്യത്തിനിടെ വീണ്ടും ആശങ്കയുടെ നിമിഷങ്ങൾ. കപ്പൽ നീക്കുന്നതിനായി ബന്ധിപ്പിച്ചിരുന്ന വടം ദൗത്യത്തിനിടയിൽ പൊട്ടി. ഏറെ ശ്രമകരമായ പരിശ്രമങ്ങൾക്ക് ഒടുവിൽ വീണ്ടും കെട്ടാനായതോടെ ആശങ്ക ഒഴിഞ്ഞു.
കനത്ത കാറ്റും ശക്തമായ മഴയും ദൗത്യത്തിന് കനത്തവെല്ലുവിളി ഉയർത്തിയിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി വടം പൊട്ടിയത്. ഇതോടെ കപ്പലുമായി സ്ഥാപിച്ചിരുന്ന നിയന്ത്രണം നഷ്ടമായി. കേരളതീരത്തേക്ക് കപ്പൽ സഞ്ചരിച്ചു.
തീയണയ്‌ക്കുന്ന പ്രവൃത്തിയും ദുഷ്‌കരമായി. വടം വീണ്ടും കെട്ടാനുള്ള ആദ്യശ്രമങ്ങൾ വിജയിച്ചില്ല. തുടർന്ന് നാവികസേനയുടെ ഹെലികോപ്റ്ററിൽ ദൗത്യസംഘത്തിലെ മൂന്നുപേർ കപ്പലിൽ ഇറങ്ങി വടം ബന്ധിപ്പിച്ചു. മറ്റൊരു അറ്റം ഓഫ്‌ഷോർ വരിയർ കപ്പലുമായും ബന്ധിപ്പിച്ചു.
കപ്പലിനെ പുറംകടലിലേക്ക് നീക്കുന്ന ദൗത്യം ഊർജിതമാക്കാനും സഹായിക്കാനുമായാണ് ഡിജി ഷിപ്പിങ് അഭ്യർഥനപ്രകാരം നാവികസേനയുടെ ട്രൈറ്റൻ ലിബർട്ടി കപ്പലിനെ ദൗത്യസംഘത്തിനൊപ്പം നിയോഗിച്ചത്. തീയണയ്‌ക്കാനും കപ്പൽ കെട്ടിവലിക്കുന്നതിനുമുള്ള ദൗത്യത്തിൽ സചേത്, അർണേഷ്, സമുദ്രപ്രഹരി, അഭിനവ്, രാജ്‌ദൂത്, സി144 ഉൾപ്പെടെയുള്ള കപ്പലുകൾ, വാട്ടർലില്ലി ടഗ്‌ബോട്ട്, വ്യോമസേന ഹെലികോപ്‌റ്റർ, ഡ്രോണിയർ വിമാനങ്ങൾ പങ്കെടുക്കുന്നുണ്ട്.
കപ്പലിന്റെ ഇന്ധനടാങ്ക് തണുപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം. കഴിഞ്ഞദിവസം കപ്പൽ നീങ്ങുന്ന സമുദ്രാന്തരീക്ഷത്തിൽ എണ്ണയുടെ അംശം കണ്ടെത്തിയിരുന്നു. ഇതോടെയാണ് ദുരന്തസാധ്യത ഒഴിവാക്കാൻ ഇന്ധനടാങ്ക് തണുപ്പിക്കുന്നതിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
കപ്പലിലെ തീ കാരണം ഇന്ധനടാങ്കുകൾ ക്രമാതീതയായി ചൂടുപിടിക്കുന്ന സ്ഥിതി തുടർന്നാൽ ഇവ പൊട്ടിത്തെറിച്ചേക്കാം. സമുദ്രത്തിലും തീരത്തും ഇത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. ഇത് ഒഴിവാക്കാനാണ് തീരദേശ, നാവിക, വ്യോമസേനകൾ മുൻഗണന നൽകുന്നത്. കാണാതായ നാലുപേരെ കണ്ടെത്താനുള്ള തിരച്ചിലും പുരോഗമിക്കുന്നു.
0 comments