Deshabhimani

മാധ്യമങ്ങൾക്കും ജനമുന്നേറ്റം മറച്ചുവയ്‌ക്കാനായില്ല: എം വി ഗോവിന്ദൻ

mv govindan
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Mar 11, 2025, 12:28 AM | 1 min read

തിരുവനന്തപുരം: നിഷേധാത്മക നിലപാട്‌ സ്വീകരിച്ച മാധ്യമങ്ങൾക്കും സിപിഐ എം സംസ്ഥാന സമ്മേളനത്തിലെ ജനമുന്നേറ്റം മറച്ചുവയ്‌ക്കാനായില്ലെന്ന്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സമ്മേളനത്തിന്റെ തുടക്കത്തിൽ നൂറുശതമാനം നിഷേധാത്മക സമീപനമാണ്‌ ഒരു വിഭാഗം മാധ്യമങ്ങൾ സ്വീകരിച്ചത്‌. അവർക്കും സമാപനദിവസത്തെ ജനമുന്നേറ്റത്തെ പ്രതിഫലിപ്പിക്കാതിരിക്കാൻ കഴിഞ്ഞില്ല. മറിച്ചായാൽ, അത്‌ ജനം അംഗീകരിക്കില്ലെന്ന്‌ അവർക്ക്‌ മനസ്സിലായി. പോസിറ്റാവായും നെഗറ്റീവായും മാധ്യമങ്ങൾ വാർത്തകൾ നൽകിയിട്ടുണ്ട്‌. പോസിറ്റീവായത്‌ മാത്രമേ പരിഗണിക്കുന്നുള്ളൂവെന്നും എം വി ഗോവിന്ദൻ അഭിമുഖത്തിൽ പറഞ്ഞു.


‘‘വി എസ്‌ അച്യുതാനന്ദനെ അവഗണിച്ചുവെന്ന്‌ വാർത്തയെഴുതിയത്‌ തനി തോന്ന്യാസമാണ്‌. ഏറ്റവും സമുന്നത നേതാവായ വി എസ്‌ ഇപ്പോൾ കിടപ്പിലാണ്‌. കഴിഞ്ഞ തവണയും അദ്ദേഹം പ്രത്യേക ക്ഷണിതാവായിരുന്നു. സംസ്ഥാന കമ്മിറ്റിയിൽനിന്നും സെക്രട്ടറിയറ്റിൽനിന്നും ഒഴിഞ്ഞവരിൽ കേന്ദ്രകമ്മിറ്റി അംഗങ്ങളുമുണ്ട്‌. 75 വയസ്‌ പിന്നിട്ട അവർ സാങ്കേതികമായി സംസ്ഥാന കമ്മിറ്റിയിൽനിന്ന്‌ ഒഴിഞ്ഞെങ്കിലും പാർടി കോൺഗ്രസ്‌ വരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്‌. പാർടി കോൺഗ്രസ്‌ കൂടി കഴിഞ്ഞശേഷമേ കൃത്യമായി ക്ഷണിതാക്കളെ തീരുമാനിക്കൂ. അക്കൂട്ടത്തിൽ ഏറ്റവും പ്രമുഖൻ വി എസ്‌ ആണ്‌. പാർടിയുടെ ഏറ്റവും വലിയ കരുത്തായ അദ്ദേഹം ക്ഷണിതാക്കളിൽ ഉറപ്പായും ഉണ്ടാകും.


പാർടി കമ്മിറ്റികളിൽനിന്ന്‌ ഒഴിവാകുന്നവരെ കേന്ദ്ര കമ്മിറ്റി അംഗീകാരത്തോടെ അതത്‌ പാർടി സെന്ററുകളിൽ പ്രവർത്തിപ്പിക്കാനാകും. അവരുടെ കഴിവും സേവനവും പരമാവധി പാർടിക്കായി ഉപയോഗിക്കും. അവരെ പൂർണമായും പാർടിയുടെ ഭാഗമാക്കുക എന്നതാണ്‌ നിലപാട്‌. ഒഴിവാക്കുക എന്നതല്ല. എസ്‌ രാമചന്ദ്രൻപിള്ള അടക്കമുള്ളവർ പാർടിക്കൊപ്പംനിന്ന്‌ പ്രവർത്തിക്കുന്ന അനുഭവം നമുക്ക്‌ മുന്നിലുണ്ട്‌’’–-എം വി ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home