നവകേരളത്തിന് ദിശാബോധം ; മുഖാമുഖം പരിപാടിയിൽ തെളിഞ്ഞത് ഭാവികേരളത്തിന്റെ നേർചിത്രം

കണ്ണൂർ
ഭാവി നവകേരളം ഏതുരീതിയിൽ മുന്നോട്ടുപോകണമെന്ന രേഖയായി മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടി. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരത്തോളം അതിഥികൾ പങ്കെടുത്തു. സാഹിത്യപ്രവർത്തകർ, സംഗീതജ്ഞർ, വ്യവസായികൾ, സംരംഭകർ, ഹരിതകർമസേന പ്രവർത്തകർ, കായികതാരങ്ങൾ, ശാസ്‌ത്രജ്ഞർ, ചരിത്രകാരന്മാർ, മത–- സാമൂഹ്യ നേതാക്കൾ, യുവജന–- വിദ്യാർഥി നേതാക്കൾ അടക്കമുള്ളവർ അതിഥികളായി.
ടി പത്മനാഭൻ, എം മുകുന്ദൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, പണ്ഡിറ്റ് രമേശ് നാരായണൻ അടക്കമുള്ള 16 പേർ മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിച്ചു. ശേഷിച്ചവർ അഭിപ്രായങ്ങളും പരാതികളും എഴുതിനൽകി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.
എംഎൽഎമാരായ എം വി ഗോവിന്ദൻ, കെ കെ ശൈലജ, ടി ഐ മധുസൂദനൻ, കെ വി സുമേഷ്, എം വിജിൻ, കെ പി മോഹനൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരി എന്നിവർ പങ്കെടുത്തു. കലക്ടർ അരുൺ കെ വിജയൻ സ്വാഗതവും വി ശിവദാസൻ എംപി നന്ദിയും പറഞ്ഞു.
മാധ്യമങ്ങൾക്ക് കോർപറേറ്റ് അജൻഡ : മുഖ്യമന്ത്രി
മാധ്യമങ്ങൾ സർക്കാർവിരുദ്ധ നിലപാട് തുടരുന്നതിനുപിന്നിൽ അവരുടെ കോർപറേറ്റ് അജൻഡയാണെന്നും സൗഹാർദം അതിൽ ഘടകമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുഖാമുഖം പരിപാടിയിൽ സാഹിത്യകാരൻ എം മുകുന്ദന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സൗഹാർദംകൊണ്ടുമാത്രം മാധ്യമങ്ങൾ പിന്തുണയ്‌ക്കില്ല.
വ്യക്തിപരമായി തനിക്കെതിരെയാണ് ഏറ്റവും കൂടുതൽ മാധ്യമ അക്രമണം. കേരളത്തിലെ എല്ലാ മാധ്യമ സ്ഥാപനങ്ങളുടെ തലവന്മാരുമായി എനിക്ക് നല്ല സൗഹൃദമുണ്ട്. പക്ഷേ, അവരുടെ കാര്യം വരുമ്പോൾ സ്വന്തം താൽപ്പര്യം പ്രകടിപ്പിക്കും. അവിടെ സൗഹൃദം ഘടകമല്ല. അവരുടെ നിലപാട് കൃത്യമായി മനസ്സിലാക്കുക എന്നതുമാത്രമേ വഴിയുള്ളൂ.
നാടിന്റെ വികസന പ്രവർത്തനങ്ങളിൽ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നാണ് പറയാറ്. പക്ഷേ, ഇപ്പോൾ ആ വികസനം വേണ്ട എന്ന നിലപാടാണ് ചില മാധ്യമങ്ങൾക്ക്. വികസനം വന്നാൽ ക്രെഡിറ്റ് തങ്ങൾക്ക് ഇഷ്ടമല്ലാത്ത ഭരണാധികാരികൾക്ക് കിട്ടും എന്നതിന്റെ പേരിലാണ് ഈ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പന്നിയെ കൊന്നതിന്റെ പിന്നാലെ ഉദ്യോഗസ്ഥർ പോകേണ്ട: മുഖ്യമന്ത്രി
ഉപദ്രവകാരികളായ പന്നികളെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൊന്നതിന്റെ പിന്നാലെ വനംവകുപ്പുകാർ അന്വേഷിച്ച് പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയോരത്തെ വന്യജീവിശല്യം പരിഹരിക്കണമെന്ന കത്തോലിക്ക കോൺഗ്രസ് പ്രതിനിധി ഫാ. ഫിലിപ്പ് കവിയലിന്റെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കാടില്ലാത്തിടത്തും ഇപ്പോൾ പന്നികൾ പെരുകുന്നു. ജനസംഖ്യാ നിയന്ത്രണത്തിന് ഇവിടെ പദ്ധതിയുണ്ട്. പക്ഷേ, പെറ്റുപെരുകുന്ന വന്യജീവികളെ നിയന്ത്രിക്കാൻ നിയമമില്ല. കൊന്ന് നിയന്ത്രിക്കുകയേ പ്രതിവിധിയുള്ളൂ. മറ്റു രാജ്യങ്ങൾ ഇക്കാര്യം ചെയ്യുന്നുണ്ട്.
അഴീക്കൽ തുറമുഖ വികസനം കണ്ണൂരിന്റെ അടുത്ത അടിയന്തര ആവശ്യമാണ്. ഡ്രഡ്‌ജിങ് നടത്തി ആഴംകൂട്ടൽ തുടരണം. ഇവിടത്തെ ഡ്രഡ്‌ജറുകൾ പ്രത്യേക സാഹചര്യത്തിൽ മാറ്റേണ്ടിവന്നു. പിപിപി മാതൃകയിൽ തുറമുഖം വികസിപ്പിക്കും. സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടത്തേക്കുള്ള റോഡും വികസിപ്പിക്കും.നീന്തൽ പഠനവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ്.
ഹരിതകർമസേനക്കാർക്ക് ക്യാഷ്‌ലെസ് ആശുപത്രി പരിചരണവും ബിപിഎൽ ആനുകൂല്യവും അനുവദിക്കുന്ന കാര്യവും ചെറുകിട ഹോട്ടലുകാർക്ക് പൊല്യൂഷൻ സർട്ടിഫിക്കറ്റ് നൽകേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങളെ ഏൽപ്പിക്കുന്നതും ചർച്ചചെയ്യാം. കണ്ണൂർ സെൻട്രൽ ജയിൽ, തലശേരി കോടതി എന്നിവിടങ്ങളിലെ പുരാരേഖകൾ സംരക്ഷിക്കാൻ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി സദസ്സിൽനിന്നുയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി.
വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് എംഡി പി കെ മായൻ മുഹമ്മദ്, യുവ സംരംഭകൻ നിർമൽ നാരായണൻ, ആന്തൂർ നഗരസഭ ഹരിതകർമസേനാംഗം ടി വി സുമ, മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ചെയർമാൻ ടി കെ രമേഷ്‌കുമാർ, സന്തോഷ് ട്രോഫി മുൻ ക്യാപ്‌റ്റൻ ബിനീഷ് കിരൺ, കുസാറ്റ് ശാസ്‌ത്രജ്ഞൻ ഡോ. എം ജി മനോജ്, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ മുൻ എംഡി ഡോ. പി വി മോഹനൻ, കേരള മുസ്ലീം ജമാഅത്ത് പ്രതിനിധി പ്രൊഫ. യു സി മജീദ്, ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോ. ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്‌ണ പൊതുവാൾ, കണ്ണൂർ സർവകലാശാല യൂണിയൻ ചെയർപേഴ്‌സൺ കെ ആര്യ, ചിത്രകാരൻ കെ കെ മാരാർ എന്നിവരും മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിച്ചു.
0 comments