ആശാവർക്കർമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആശാവർക്കർമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഓണറേറിയത്തിന് പുറമേ ഇൻസെന്റീവ് കൂടി നൽകുന്നുണ്ട്. കേരളത്തിൽ 90 ശതമാനം ആശാവർക്കർമാർക്കും 10,000 മുതൽ 13,500 രൂപ വരെ ഓണറേറിയം ഒരു മാസം ലഭിക്കുന്നു. കേരളത്തിൽ ആശാവർക്കർമാരുടെ പ്രവർത്തനം കൃത്യമായാണ് നടക്കുന്നത്. അവരുടെ മെറ്റെർന്നിറ്റി ലീവ് ഉറപ്പിക്കുന്നുണ്ട്. അമിത ജോലിഭാരം ഇല്ലാതെ നോക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓണറേറിയത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം കേരളവുമാണ് നൽകേണ്ടത്. ഏഴായിരം രൂപ കേരളം മാത്രം നൽകുന്ന ഓണറേറിയമാണ്. കേന്ദ്രം നൽകാനുള്ളത് 100 കോടി രൂപയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അത് നൽകിയിട്ടില്ല. എൻഎച്ച്എമ്മിനായി കേരളത്തിന് ലഭിക്കേണ്ട തുകയും ലഭിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കേരളത്തിലെ എംപിമാർ പാർലമെന്റിൽ ആശാവർക്കർമാർക്കായി സമ്മർദ്ദം ചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
0 comments