'വായനാലഹരി' കുഞ്ഞുങ്ങളിൽ നിന്ന് ഏറ്റുവാങ്ങി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പുസ്തകപ്പുരയിലെ കുട്ടികൾ എഴുതിയ ആസ്വാദനക്കുറിപ്പുകളുടെ സമാഹാരമായ 'വായനാലഹരി' പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്ക് കൈമാറി. കുട്ടികൾ നേരിട്ടാണ് പുസ്തകം മന്ത്രിക്ക് കൈമാറിയത്. കേരളത്തിന്റെ സാംസ്കാരിക ജീവനാഡിയായിരുന്ന പല വായനശാലകളും 2018-ലെ പ്രളയത്തിന് ശേഷം ശുഷ്കമായിരുന്നു.
അപ്പോഴാണ് ഡോ. എൻ ആർ ഗ്രാമപ്രകാശിന്റെ നേതൃത്വത്തിൽ 'പുസ്തകക്കൂട' എന്ന പേരിൽ വായനശാലകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ തുടർച്ചയായാണ് 2022-ൽ കുട്ടികൾക്ക് സൗജന്യമായി പുസ്തകങ്ങൾ നൽകുന്ന 'പുസ്തകപ്പുര' എന്ന പദ്ധതി ആരംഭിച്ചത്.
3 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് വീട്ടിൽ ഒരു കൊച്ചു വായനശാല ഒരുക്കുന്നതിനായി 50 പുസ്തകങ്ങൾ വീതമാണ് ഈ പദ്ധതിയിലൂടെ നൽകുന്നത്. വായനാശീലമുള്ള കുട്ടികളെ അഭിമുഖം നടത്തിയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്. കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര, തൃശൂർ, വടക്കാഞ്ചേരി, ഗുരുവായൂർ, ചെറുതുരുത്തി, ചേലക്കര, തളിക്കുളം എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് ഇതുവരെ പുസ്തകങ്ങൾ വിതരണം ചെയ്തത്.
പത്ത് പുസ്തകങ്ങൾ വീതം മൂന്ന് ഘട്ടങ്ങളിലായി 5,000-ത്തോളം പുസ്തകങ്ങളാണ് ഇതിനകം വിതരണം ചെയ്തത്. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ കുട്ടികൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരത്തിൽ ലഭിച്ച 258 കുറിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്തവയാണ് 'വായനാലഹരി' എന്ന ഈ സമാഹാരത്തിലുള്ളത്. ഡോ. ബീന കെ ആർ ആണ് ഈ പുസ്തകത്തിന്റെ സമാഹരണം നിർവഹിച്ചത്. ചടങ്ങിൽ പുസ്തകപ്പുര ചെയർമാൻ ഡോ. എൻ ആർ ഗ്രാമപ്രകാശ് അധ്യക്ഷനായിരുന്നു.









0 comments