കുട്ടികളുടെ മാനസിക ആരോഗ്യം: വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നു- മന്ത്രി വി ശിവൻകുട്ടി

V Sivankutty
വെബ് ഡെസ്ക്

Published on Feb 11, 2025, 11:33 AM | 3 min read

തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുടെ മാനസികാരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഏറ്ററെടുക്കുന്നതിനും അവര്‍ക്ക്‌ പിന്തുണ നല്‍കുന്നതിനും വേണ്ടി വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ മാനസിക ആരോഗ്യപ്രശ്നങ്ങളുടെ വ്യാപനവും തോതും കണ്ടെത്തുന്നതിനും ഇവ എങ്ങനെ കൈകാര്യം ചെയ്യേണ്ടതെന്നു മനസ്സിലാക്കുന്നതിനും എസ്‌‍സിഇആര്‍ടി ഒരു പഠനം നടത്തി സമീപനരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക്‌ കുട്ടികളെ മാത്രം കേന്ദ്രീകരിച്ചല്ല പരിഹാരം തേടേണ്ടതെന്നും കുട്ടികളുമായി ഇടപെടുന്ന മുതിര്‍ന്ന ആളുകളെ കൂടി ഭാഗഭാക്കാക്കി കൊണ്ടുവേണം ഇത്തരം പ്രശ്നപരിഹാര ശ്രമങ്ങള്‍ നടപ്പാക്കേണ്ടതെന്നും രേഖയിൽ പറയുന്നു. കോവിഡ്‌ കാലത്ത്‌ പൊതു വിദ്യാലയത്തിലെ കുട്ടികള്‍ അഭിമുഖീകരിച്ച മാനസികാരോഗ്യ സംബന്ധിയായ പ്രശ്നങ്ങളെക്കുറിച്ച്‌ പ്രത്യേകമായ പഠനവും എസ്‌സിഇആര്‍ടി സംഘടിപ്പിച്ചിട്ടുണ്ട്.


നിലവില്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ കുട്ടികളുടെ മാനസികാരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഏറ്ററെടുക്കുന്നതിനും അവര്‍ക്ക്‌ പിന്തുണ നല്‍കുന്നതിനും വേണ്ടി 'സൗഹൃദ' എന്ന പേരില്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഹൈസ്കൂള്‍ തലത്തിലുള്ള കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളെ മാനേജ്‌ ചെയ്യുന്നതിനു വേണ്ടി സ്കൂളുകളില്‍ വനിതാ ശിശു വികസന വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാകുന്നുണ്ട്. എല്ലാ അധ്യാപകരേയും പ്രൈമറി കൗണ്‍സിലിംഗിനുള്ള പ്രാപ്തിയുള്ളവരാക്കുകയും കട്ടികള്‍ക്ക്‌ ഗൈഡന്‍സ്‌ നല്‍കാനുള്ള ശേഷി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തില്‍ ഉള്ള പരിശീലന പരിപാടികളും സംഘടിപ്പിച്ചു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മുഹമ്മദ് മുഹസിന്‍ എംഎല്‍എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.



മന്ത്രി വി ശിവൻകുട്ടിയുടെ മറുപടിയുടെ പൂർണ്ണരൂപം


സ്കൂള്‍ കുട്ടികളില്‍ ഉള്ള മാനസിക ആരോഗ്യപ്രശ്നങ്ങളുടെ വ്യാപനവും തോതും കണ്ടെത്തുന്നതിനും അത്‌ എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടതെന്നു മനസ്സിലാക്കുന്നതിനും അവരുടെ സുസ്ഥിതി ഉറപ്പാക്കുന്നതിനും വേണ്ടി വിപുലമായ ഒരു പഠനം എസ്‌‍സിഇആര്‍ടിയുടെ ആഭിമുഖ്യത്തില്‍ നടത്തുകയും റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുള്ള കാര്യങ്ങൾ നടപ്പാക്കുന്നതിനുള്ള നയസമീപനം എന്തായിരിക്കണമെന്നു വിശദമാക്കുന്ന ഒരു സമീപനരേഖ എസ്‌സിഇആര്‍ടി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക്‌ കുട്ടികളെ മാത്രം കേന്ദ്രീകരിച്ചല്ല പരിഹാരം തേടേണ്ടത്‌ എന്നും കുട്ടികളുമായി ഇടപെടുന്ന മുതിര്‍ന്ന ആളുകളെ കൂടി ഭാഗഭാക്കാക്കി കൊണ്ടുവേണം ഇത്തരം പ്രശ്നപരിഹാര ശ്രമങ്ങള്‍ നടപ്പാക്കേണ്ടത്‌ എന്നും ഈ രേഖ പറയുന്നുണ്ട്‌. കോവിഡ്‌ കാലത്ത്‌ പൊതു വിദ്യാലയത്തിലെ കുട്ടികള്‍ അഭിമുഖീകരിച്ച മാനസികാരോഗ്യ സംബന്ധിയായ പ്രശ്നങ്ങളെക്കുറിച്ച്‌ പ്രത്യേകമായ പഠനവും എസ്‌സിഇആര്‍ടി സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ അഭിമുഖീകരിച്ച വിവിധങ്ങളായ വെല്ലുവിളികള്‍ എന്തെല്ലാമാണ്‌, ഇത്‌ പരിഹരിക്കുന്നതിന്‌ എന്തെല്ലാം നടപടികളാണ്‌ സ്വീകരിക്കേണ്ടത്‌ എന്നതിനെ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഈ പഠനം മുന്നോട്ടു വയ്ക്കുന്നുണ്ട്‌. വിദ്യാഭ്യാസത്തില്‍ അക്കാദമികമായ വികാസത്തോടൊപ്പം തന്നെ സാമൂഹ്യ വൈകാരിക വികാസത്തിനും പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത ഈ പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്‌. എസ്‍സിഇആർടി പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തി ലുള്ള പരിഹാര നടപടികൾ സ്വീകരിക്കുന്ന കാര്യം സർക്കാർ പരിശോധിച്ചു വരികയാണ്.


നിലവില്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ കുട്ടികളുടെ മാനസികാരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഏറ്ററെടുക്കുന്നതിനും അവര്‍ക്ക്‌ പിന്തുണ നല്‍കുന്നതിനും വേണ്ടി 'സൗഹൃദ' എന്ന പേരില്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതിന്റെ കോ- ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്ക്‌ വിവിധ തലങ്ങളിലുള്ള പരിശീലനങ്ങള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്‌. ഹൈസ്കൂള്‍ തലത്തിലുള്ള കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളെ മാനേജ്‌ ചെയ്യുന്നതിനു വേണ്ടി സ്കൂളുകളില്‍ വനിതാ ശിശു വികസന വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാകുന്നുണ്ട്. കൂടാതെ എല്ലാ അധ്യാപകരേയും പ്രൈമറി കൗണ്‍സിലിംഗിനുള്ള പ്രാപ്തിയുള്ളവരാക്കുകയും കട്ടികള്‍ക്ക്‌ ഗൈഡന്‍സ്‌ നല്‍കാനുള്ള ശേഷി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തില്‍ ഉള്ള പരിശീലന പരിപാടികളും സംഘടിപ്പിച്ചു വരുന്നുണ്ട്‌. എന്നാല്‍ വിവിധ ഏജന്‍സികള്‍ ഇടപെടുന്ന ഈ മേഖലയിലെ ഏകോപനം ഉണ്ടാക്കുക ഒരു വെല്ലുവിളിയാണ്.


"ക്രിയാത്മ കൗമാരം- കരുത്തും കരുതലും" എന്ന പദ്ധതി പൊതു വിദ്യാലയങ്ങളിലെ ഒൻപതാം ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചാണ് നടപ്പിലാക്കുന്നത്. കൗമാര കാലത്തെ ശാരിരിക മാനസിക വൈകാരിക സാമൂഹിക വികാസത്തെക്കുറിച്ച് ധാരണ രൂപപ്പെടുത്തുക, സ്വന്തം ശക്തി ദൗർബല്യങ്ങളെ തിരിച്ചറിഞ്ഞ് വെല്ലുവിളികളെ അതിജീവിക്കാനുള്ള ജീവിത നൈപുണികൾ സ്വായത്തമാക്കുക എന്നിവയാണ് പദ്ധതികൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.


ഈ മേഖലയിൽ അധ്യാപകർക്ക് പരിശീലനം നൽകുന്നതിനു വേണ്ടി 'നന്മ പൂക്കുന്ന നാളേക്ക്' എന്ന പേരിൽ ഹാൻഡ് ബുക്കുകളും എസ്‍സിഇആർടി തയ്യാറാക്കിയിട്ടുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ആദ്യഘട്ടത്തിൽ അധ്യാപകർ തന്നെ ഇടപെടുകയും ആവശ്യമായ സമയങ്ങളിൽ കൗൺസിലർമാരുടെ സഹായം തേടുകയും ചെയ്യുക എന്നതാണ് നിലവിലെ രീതി. കൗൺസിലർമാർ ആവശ്യമായ ഘട്ടങ്ങളിൽ വനിതാ ശിശുവികസനവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പാരന്റൽ ക്ലിനിക്കുകളുടെയും സൈക്കോളജിസ്റ്റുകളുടെയും സഹായം തേടുകയും ചെയ്യുന്നു. നിലവിൽ എല്ലാ സ്‌കൂളുകളിലും കൗൺസിലർമാരുടെ സേവനം ലഭ്യമാക്കാൻ കഴിയുന്നില്ല എന്ന പരിമിതിയുണ്ട്. മുഴുവൻ അധ്യാപകരെയും ഒരു പ്രാഥമിക കൗൺസിലർമാർ എന്ന നിലയിൽ കൂടി പ്രവർത്തിക്കാൻ കഴിയത്തക്ക രീതിയിൽ ശാക്തീകരിക്കുന്നതിനുള്ള നടപടികൾ ആലോചിച്ചുവരുന്നു.



deshabhimani section

Related News

0 comments
Sort by

Home