മെഡിക്കൽ കോളേജിലെ അപകടം: ജനം ചോദിക്കുന്നു; ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും എന്ത് ചെയ്‌തു


സ്വന്തം ലേഖകൻ
Published on Jul 06, 2025, 12:19 AM | 1 min read
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായ കെട്ടിടം കാലപ്പഴക്കം കൊണ്ട് ഉപയോഗിക്കാനാകില്ലെന്ന് 2012–-13 കാലത്ത് റിപ്പോർട്ട് ഉണ്ടായിട്ടും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും ജില്ലയുടെ ചുമതലയുണ്ടായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണനും കാണിച്ചത് ഗുരുതര അനാസ്ഥ. സ്വന്തം ജില്ലയായിട്ടും പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിക്കാൻ ഇരുവരും ഇടപെട്ടില്ല. റിപ്പോർട്ട് അലമാരയിൽ അടച്ചുപൂട്ടി മിണ്ടാതിരിന്നു. മുഖ്യമന്ത്രിയുടെ സ്വാധീനംവച്ച് നിഷ്‌പ്രയാസം സാധിക്കുമായിരുന്നു പുതിയ കെട്ടിടത്തിനുള്ള ഫണ്ട് അനുവദിക്കൽ. പിന്നീട് മൂന്നുവർഷം ഭരിച്ചിട്ടും ഇതിന് യുഡിഎഫ് ശ്രമിച്ചില്ല.
8 നില ബ്ലോക്ക് 257 കോടിയുടേത്
2016ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരാണ് സർജിക്കൽ ബ്ലോക്ക് നിർമിക്കാനും ആശുപത്രിയുടെ സമഗ്രവികസനത്തിനുമായി തുക അനുവദിച്ചത്. പക്ഷേ കോവിഡ് കാരണം 2021–- 22 ലാണ് ബ്ലോക്കിന്റെ നിർമാണം ആരംഭിക്കാനായത്. കിഫ്‌ബി മുഖേന 257 കോടി രൂപ ചെലവിട്ടാണ് എട്ടുനിലയിലുള്ള ബ്ലോക്ക് നിർമിച്ചത്. പഴയ ബ്ലോക്കിൽ ആറ് വാർഡുകളിലായി 360 കിടക്കകളായിരുന്നു. 565 കിടക്കകളും 16 ഓപ്പറേഷൻ തീയേറ്ററും ഉൾപ്പെടെയാണ് പുതിയ സർജിക്കൽ ബ്ലോക്ക്. 42 ഐസിയു കിടക്കകളുണ്ട്.
0 comments