ബിപിഎൽ വിദ്യാർഥികളുടെ എംബിബിഎസ് പഠനം; ഫീസിളവ് ഉറപ്പാക്കണം: അധിക ഫീസ് മൂന്നുമാസത്തിനകം തിരികെ നൽകണം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന എംബിബിഎസ് വിദ്യാർഥികളിലെ ബിപിഎൽ വിഭാഗക്കാരിൽനിന്ന് അധിക ഫീസ് ഈടാക്കരുതെന്ന സുപ്രീംകോടതി വിധി ഗുണകരമാകുക നൂറുകണക്കിന് നിർധന വിദ്യാർഥികൾക്ക്. സംസ്ഥാന സർക്കാർ രൂപീകരിച്ച കോർപസ് ഫണ്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുടെ മറവിൽ ബിപിഎൽ വിദ്യാർഥികളെ ചൂഷണം ചെയ്ത കോളേജുകൾക്ക് ഇനി ഫീസിളവ് നൽകിയേ മതിയാകൂ. ഫീസ് നിർണയ സമിതി നിശ്ചയിച്ച സബ്‌സിഡി നിരക്കിലുള്ള ഫീസേ വിദ്യാർഥികളിൽനിന്ന് ഈടാക്കാവൂ എന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കോളേജുകൾ അധിക ഫീസ് ഈടാക്കിയിട്ടുണ്ടെങ്കിൽ അത് മൂന്നുമാസത്തിനകം തിരികെ നൽകണമെന്നും എൻആർഐ വിദ്യാർഥികളിൽനിന്ന് അധിക ഫീസ് ഈടാക്കിയിട്ടില്ലെങ്കിൽ അത് ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു.
അർഹരായ വിദ്യാർഥികൾക്ക് സബ്‌സിഡി നിരക്കിൽ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കോർപസ് ഫണ്ട് രൂപീകരിച്ചത്. അതിന്റെ ഭാഗമായാണ് ബിപിഎൽ വിഭാഗത്തിൽപെട്ട വിദ്യാർഥികളുടെ ഫീസിനായി എൻആർഐ വിഭാഗത്തിലെ വിദ്യാർഥികളിൽനിന്ന് അഞ്ചുലക്ഷം രൂപ അധികമായി ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഒരു സർക്കുലർ സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. സംസ്ഥാന ഫീസ് നിർണയ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ സർക്കുലറായല്ല മറിച്ച് നിയമ നിർമാണത്തിലൂടെയാണ് ഇത്തരം വ്യവസ്ഥ കൊണ്ടുവരേണ്ടതെന്നാണ് സുപ്രീം കോടതി നിരീക്ഷണം.
നിലവിൽ വിദ്യാർഥികളിൽനിന്ന് അധികമായി ശേഖരിച്ച പണം ഒരു കോർപസ് ഫണ്ടായി സംസ്ഥാന സർക്കാരിന്റെ പക്കലാണുള്ളത്. ഈ തുക അടിയന്തിരമായി ബിപിഎൽ വിദ്യാർഥികളുടെ പഠന ആവശ്യങ്ങൾക്കായി കോളേജുകൾക്ക് കൈമാറണമെന്നും നിർദേശമുണ്ട്. കോളേജുകൾ ഈ തുക ബിപിഎൽ വിദ്യാർഥികളുടെ പഠനത്തിന് ഉപയോഗിക്കണം. കോളേജുകൾ തുക അർഹതപ്പെട്ടവരുടെ പഠനാവശ്യത്തിനാണ് വിനിയോഗിക്കുന്നതെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
0 comments