സമൻസിൽ സമനില തെറ്റി; ഒടുവിൽ കൈകാലിട്ടടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും കുടുംബത്തേയും അതുവഴി സിപിഐ എമ്മിനേയും ലക്ഷ്യമിട്ട് നൽകിയ ‘2023ലെ സമൻസ്’ വാർത്ത അടപടലം പൊളിഞ്ഞിട്ടും വിടാതെ ഉരുണ്ടുകളിച്ച് യുഡിഎഫ് പത്രം മനോരമ.
സിപിഐ എം വിരോധത്താൽ അന്ധത ബാധിച്ച പത്രം ‘സമൻസിൽ എന്തു സംഭവിച്ചുവെന്നതിൽ ദുരൂഹത തുടരുന്നു’ എന്നായിട്ടുണ്ട് ഇപ്പോൾ. ഇഡിയുടെ വെബ്‌സൈറ്റിൽ സമൻസ് ഉണ്ട് എന്ന് ആശ്വാസംകൊള്ളുകയാണ് മനോരമ. ലൈഫ് മിഷൻ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിനെ ഇഡി ചോദ്യംചെയ്യാൻ വിളിപ്പിച്ച ദിവസംതന്നെയാണ് വിവേകിനുള്ള സമൻസും എന്നാണ് ആദ്യവാർത്തയിൽ മനോരമ പറയുന്നത്. പിന്നെ ലൈഫ് മിഷൻ കേസിനെക്കുറിച്ചും അനിൽ അക്കര എന്ന കോൺഗ്രസ് നേതാവിന്റെ ഇടപെടലിനെക്കുറിച്ചും വിശദമായി ഉപകഥകൾ നിരത്തിയുള്ള പ്രകടനം അടുത്തദിവസവും തുടർന്നു. ആശയദാരിദ്ര്യത്തിലായിരുന്ന കോൺഗ്രസ് നേതാക്കൾക്ക് വലിയ ആശ്വാസമാണ് മനോരമ നൽകിയത്. ഉടനെ ഇഡിക്ക് പരാതി നൽകി അനിൽ അക്കരയും തിളങ്ങി. എന്നാൽ, വാർത്ത മറ്റുമാധ്യമങ്ങൾ പൊളിച്ചപ്പോൾ ‘ലൈഫിൽ അല്ല, ലാവ്‌ലിനിൽ’ ആണ് സമൻസ് എന്നായി അടുത്ത ദിവസത്തെ മനോരമ.
ലാവ്‌ലിൻ കേസ് വരുന്പോൾ കൗമാരപ്രായക്കാരനായിരുന്ന ആൾക്കാണത്രെ 2023ൽ ഇഡി സമൻസ് അയച്ചത്. സിബിഐ കോടതിയും ഹൈക്കോടതിയും ലാവ്‌ലിൻ കേസിലെ കുറ്റപത്രം തള്ളിക്കളയുകയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയും ചെയ്‌തിട്ട് വർഷങ്ങളായി. അതിലാണത്രെ 2023ൽ സമൻസ്. വാർത്ത പൊളിഞ്ഞു എന്നു മനസ്സിലാക്കിയ കോൺഗ്രസ് മുഖപത്രമായ വീക്ഷണവും ലീഗിന്റെ ചന്ദ്രികയും മറ്റു പത്രങ്ങളും പിന്മാറിയിട്ടും ദിവസവും സമൻസിൽ കിടന്നുരുളുകയാണ് യുഡിഎഫിന്റെ സ്വന്തം പത്രം.









0 comments