Deshabhimani

സംരംഭം കേരളത്തിലോ; മനോരമ സമ്മതിക്കില്ല

manorama
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Jan 21, 2025, 02:41 AM | 1 min read


തിരുവനന്തപുരം

കേരളത്തിന്റെ വ്യവസായ വികസന വിഷയത്തിൽ ഇരട്ടത്താപ്പുമായി വീണ്ടും മലയാള മനോരമ. അവർ സംഘടിപ്പിച്ച ബിസിനസ്‌ സമ്മിറ്റുമായി ബന്ധപ്പെട്ട്‌ ഇംഗ്ലീഷ്‌, മലയാളം ഓൺലൈനുകളിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ്‌ വികസനകാര്യത്തിലെ ഇരട്ടത്താപ്പ്‌ പുറത്തുവന്നത്‌. കേരളത്തിലെ പ്രമുഖ വ്യവസായ കുടുംബങ്ങളിൽനിന്നുള്ള നാലുപേരുടെ അഭിപ്രായമാണ്‌ വാർത്തയാക്കിയത്‌. ‘കേരളം സംരംഭം തുടങ്ങാൻ യോജിച്ചതെന്ന്‌ വ്യവസായ കുടുംബങ്ങളിലെ യുവതലമുറ’ എന്ന്‌ ഇംഗ്ലീഷ്‌ പതിപ്പിൽ വാർത്തയ്‌ക്ക്‌ തലക്കെട്ട്‌ നൽകിയപ്പോൾ, മലയാളം പതിപ്പിൽ ‘കേരളത്തിൽ ബിസിനസ്‌ തുടങ്ങിയാൽ വിജയിക്കുമോ’ എന്നായിരുന്നു തലക്കെട്ട്‌.


ടീന മുത്തൂറ്റ്‌ (മുത്തൂറ്റ്‌ കാപ്പിറ്റൽ), അരുൺ ചിറ്റിലപ്പള്ളി (വണ്ടർ ലാ), നസ്‌നിൻ ജഹാംഗീർ (നെസ്‌റ്റ്‌), അശോക്‌ മാണി (കിച്ചൺ ട്രഷേഴ്‌സ്‌) എന്നിവരാണ്‌ സമ്മിറ്റിൽ പങ്കെടുത്ത്‌ അഭിപ്രായം പങ്കുവച്ചത്‌. കേരളത്തിലെ പ്രമുഖ വ്യവസായങ്ങളുടെ പ്രതിനിധികളെന്നനിലയിൽ സ്വന്തം അനുഭവമാണ്‌ ഇവർ പങ്കുവച്ചത്‌. കേരളം ബിസിനസ്‌ ഹബ്ബാണെന്നും വ്യവസായത്തിന്‌ അനുയോജ്യമാണെന്നുമായിരുന്നു പ്രതികരണം.


ഇംഗ്ലീഷ്‌ പതിപ്പിൽ സത്യംപറഞ്ഞ മനോരമ പക്ഷേ, മലയാളം പതിപ്പിൽ തലക്കെട്ട്‌ തെറ്റിദ്ധാരണാജനകമാക്കി.


എൽഡിഎഫ്‌ സർക്കാരുകളുടെ വ്യവസായ മുന്നേറ്റം സംബന്ധിച്ച വാർത്തകൾ മറച്ചുവയ്‌ക്കാനും മോശം പ്രതീതിയുണ്ടാക്കാനുമാണ്‌ മനോരമയുടെ ശ്രമം. സംസ്ഥാനസർക്കാരിന്റെ ‘സംരംഭക വർഷം’ പദ്ധതിക്കെതിരെ നിരന്തരം വാർത്ത നൽകിയിരുന്നു. രാജ്യത്തെ ബെസ്‌റ്റ്‌ പ്രാക്ടീസായി കേന്ദ്രം തെരഞ്ഞെടുത്ത പദ്ധതിയെ ‘ലക്ഷണമൊത്ത കള്ളം’ എന്നാണ്‌ മനോരമ വിശേഷിപ്പിച്ചത്‌.


സംരംഭക വർഷം പദ്ധതിയിലൂടെ 3,41,381 സംരംഭങ്ങളാണ്‌ കേരളത്തിലാരംഭിച്ചത്‌. 21,906 കോടിയുടെ നിക്ഷേപവും 7.24 ലക്ഷം തൊഴിലവസരങ്ങളുമുണ്ടായി. ലോകശ്രദ്ധ നേടിയ പദ്ധതിയെയാണ്‌ മനോരമ അധിക്ഷേപിച്ച്‌ വ്യാജവാർത്ത നൽകുന്നത്‌. സംരംഭക വർഷം പദ്ധതിയിൽ ആരംഭിച്ച എത്ര സംരംഭങ്ങൾ പൂട്ടിയെന്നറിയാൻ വിവരാവകാശം നൽകിയും അടുത്തിടെ മനോരമ വാർത്ത നൽകിയിരുന്നു.



deshabhimani section

Related News

0 comments
Sort by

Home