‘സമൻസിൽ’ അപഹാസ്യരായി മനോരമ ; കാര്യം ബോധ്യപ്പെട്ട് ചന്ദ്രികയും വീക്ഷണവും

തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ മകന് ഇ ഡി സമൻസ് എന്നപേരിൽ നൽകിയ വാർത്തയും വ്യാഖ്യാനങ്ങളും പൊളിഞ്ഞതോടെ അപഹാസ്യരായി മനോരമ. ശനിയാഴ്‌ച ‘ലൈഫ് മിഷൻ കേസിൽ സമൻസ് ’ എന്ന് വാർത്ത കൊടുത്തവർ ചൊവ്വാഴ്‌ച ‘സമൻസ് ലാവ്‌ലിൻ കേസിൽ’ എന്നാക്കി നാണംകെട്ടു.
തെരഞ്ഞെടുപ്പ് അടുത്തതോടെ എന്ത് വ്യാജനിർമിതി നടത്തിയും സർക്കാരിനെതിരെ പ്രചാരണം നടത്തുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ‘സമൻസ്’ തിരക്കഥ.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ‘മാസപ്പടി’ ആവിയായതോടെയാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ഒത്താശയിൽ മകനെതിരെ ഇഡിക്കഥകൾ ചമച്ചത്. സമൻസ് കിട്ടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടും കൽപ്പിത കഥകളിൽനിന്ന് പിന്മാറാൻ മനോരമ തയ്യാറല്ല.
ലൈഫ് മിഷൻ സമൻസ് വാർത്ത മൂന്ന് ദിവസമാണ് അവർ ആഘോഷിച്ചത്. ‘വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയ ഇ ഡി അതിന്റെ ഭാഗമായാണ് സമൻസ് അയച്ചത്’ എന്ന് ആദ്യവാർത്തയിൽ പറയുന്നു. ‘ലൈഫ് മിഷൻ അന്വേഷണം ഒരു ഘട്ടത്തിൽ ക്ലിഫ് ഹൗസിലേക്കും മുഖ്യമന്ത്രിയുടെ മകനിലേക്കും എത്തിയതിന്റെ പുറത്തറിയാത്ത വിവരങ്ങളാണ് സമൻസിലുള്ളത്’ എന്നും തള്ളി. സമൻസ് കൊടുത്തെങ്കിലും പിന്നീടുണ്ടായത് തങ്ങൾക്കറിയില്ലെന്ന് ഇഡിതന്നെ ഒൗദ്യോഗികമായി പറഞ്ഞെന്ന പരമ അബദ്ധം എഴുന്നള്ളിക്കാനും മടിച്ചില്ല. എന്നാൽ, ഇതുവരെ എഴുതിപ്പിടിപ്പിച്ചതെല്ലാം പച്ചക്കള്ളമാണെന്ന് തെളിയിച്ചാണ് പുതിയ ‘സമൻസ് ലാവ്‌നിൽ ’ എന്ന് ഒന്നാം പേജിൽ ലീഡാക്കിയത്.
കാര്യം ബോധ്യപ്പെട്ട് ചന്ദ്രികയും വീക്ഷണവും
മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് എന്ന വാർത്തയുടെ യാഥാർഥ്യം ബോധ്യപ്പെട്ട് കോൺഗ്രസിന്റെ മുഖപത്രം വീക്ഷണവും മുസ്ലിംലീഗിന്റെ മുഖപത്രം ചന്ദ്രികയും. മലയാള മനോരമയുടെ ലൈഫ് മിഷൻ കഥ പൊളിയുകയും അത് ലാവ്‌ലിൻ ആവുകയുംചെയ്‌തതോടെയാണ് നുണക്കഥകളിൽനിന്ന് ചന്ദ്രികയും വീക്ഷണവും പിന്മാറിയത്.
ഉൾപേജിൽ കൊടുത്ത മുഖപ്രസംഗങ്ങളിൽ പക്ഷേ, രാഷ്‌ട്രീയ ആക്രമണമുണ്ട്. ഒരു അടിസ്ഥാനവുമില്ലാത്തതും സിബിഐയുടെ കുറ്റപത്രംപോലും റദ്ദാക്കിയതുമാണ് ലാവ്‌ലിൻ കേസ്. ഇൗ കേസിലാണ് അന്ന് കുട്ടിയായിരുന്നയാളെ വിളിച്ചുവരുത്താൻ നോട്ടീസ് അയച്ചെന്ന് പറയുന്നത്. സാന്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്താത്തതിനാൽ ഇത് ഇഡിയുടെ പരിധിയിൽ വരുന്നതല്ല. യുഡിഎഫ് പത്രമായ മനോരമ, കഴിഞ്ഞദിവസം പറഞ്ഞതൊക്കെ വിഴുങ്ങിയാണ് ലൈഫ് മിഷൻ എന്നത് ‘ലാവ്‌ലിൻ’ എന്നാക്കി പുതുക്കിയത്.









0 comments