Deshabhimani

ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന മലമ്പുഴക്ക്: മന്ത്രി പി എ മുഹമ്മദ് റിയാസ്

malampuzha dam
വെബ് ഡെസ്ക്

Published on Feb 17, 2025, 07:48 PM | 1 min read

പാലക്കാട്: ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന നൽകുന്നത് മലമ്പുഴക്കെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഈ സാധ്യത ഫലപ്രദമായി നടത്താൻ സാധിച്ചാൽ പ്രദേശത്ത് വലിയ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മലമ്പുഴ കവയിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഇൻറഗ്രേറ്റഡ് കാരവൻ പാർക്കിൻറെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാമുകളിലൂടെയുള്ള സീ-പ്ലെയിൻ പദ്ധതിക്കായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. മലമ്പുഴയിലേക്ക് സഞ്ചാരികൾക്ക് വേഗത്തിൽ എത്താൻ പുതിയ സാധ്യതകൾ എങ്ങനെ ഉപയോഗിക്കാം എന്ന് പരിശോധിക്കുന്നുണ്ട്. മലമ്പുഴയുടെ ടൂറിസം വികസനത്തിന് സാധ്യമായതെല്ലാം ചെയ്യും. ഡെസ്റ്റിനേഷൻ വെഡിങ്ങിൻറെ കേന്ദ്രമായി മാറാനുള്ള സാധ്യതകളും മലമ്പുഴയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വിനോദസഞ്ചാരമേഖലയിൽ പരീക്ഷണങ്ങൾ അനിവാര്യമാണ്. അതിൻറെ ഭാഗമായാണ് കാരവൻ ടൂറിസം, ഹെലി ടൂറിസം, ക്രൂയിസ് ടൂറിസം, സിനിമ ടൂറിസം എന്നിവ കൊണ്ടുവരുന്നത്. കാരവൻ പാർക്കിനും കാരവൻ ടൂറിസത്തിനും സർക്കാർ സബ്സിഡി നൽകുന്നുണ്ട്. കെടിഡിസിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് രണ്ടിടത്ത് കാരവൻ പാർക്കിൻറെ നിർമാണം നടക്കുന്നുണ്ട്. സ്റ്റാർട്ട് അപ് സംവിധാനങ്ങളെ കൂടി ഇതിൻറെ ഭാഗമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ മാന്തുരുത്തിയിലുള്ള കവ എക്കോ ക്യാമ്പ് ആൻഡ് കാരവൻ പാർക്കിൽ നടന്ന പരിപാടിയിൽ എ പ്രഭാകരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധിക മാധവൻ, കാരവൻ പാർക്ക് മാനേജിങ് ഡയറക്ടർ സജീവ് കുറുപ്പ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

0 comments
Sort by

Home