അപവാദ പ്രചരണം തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌: എം വി ഗോവിന്ദൻ

mv govindan
വെബ് ഡെസ്ക്

Published on Mar 14, 2025, 05:03 PM | 1 min read

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമ സഭയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പ്‌ വരെ സിപിഐ എമ്മിനും എൽഡിഎഫിനും എതിരായി വ്യാപകമായ അപവാദ പ്രചാരണം ഉണ്ടാകുമെന്ന്‌ കരുതുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.


ഇതിന്റെ ഭാഗമായാണ്‌ ഇ ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടൽ. പാർടിയുടെ മുതിർന്ന നേതാവായ കെ രാധാകൃഷ്ണന്‌ ഇ ഡി നോട്ടീസ്‌ അയച്ചിരിക്കുകയാണ്‌. കരുവന്നൂർ ബാങ്കിന്റെ കാര്യത്തിൽ ഉണ്ടായ പോരായ്‌മകൾ പരിശോധിച്ച്‌ തിരുത്തുന്ന നടപടികളാണ്‌ സർക്കാർ സ്വീകരിച്ചിട്ടുള്ളത്‌. എന്നാൽ ഈ കാര്യത്തെ രാഷ്‌ട്രീയമായി കൈകാര്യം ചെയ്യുകയാണ്‌ ആദ്യം മുതലേ ഇ ഡി. ഇ ഡിയുടെ ഇടപെടൽ നിയമ വിരുദ്ധമാണെന്ന്‌ ഹൈക്കോടതി സംശയാതീതമായി പറഞ്ഞിട്ടുണ്ട്‌. കുറേക്കാലമായി തൃശൂരിലെ പാർടി നേതൃത്വത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഡാലോചയുടെ തുടർച്ചയായാണ്‌ രാധാകൃഷ്‌ണനെതിരായ നോട്ടീസ്‌. ഇതിനെ നിയമപരമായും രാഷ്‌ട്രീയ പരമായും നേരിടുമെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


സഹകരണ മേഖലയെ തകർക്കുന്നതിന്‌ ധന മൂലധന ശക്തികൾക്ക്‌ പരവതാനി ഒരുക്കിക്കൊടുക്കുന്ന സമീപനം കേന്ദ്ര സർക്കാരിനുണ്ട്‌. സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ നിൽക്കുന്ന സഹകരണ പ്രസ്‌ഥാനത്തെ കൈപ്പിടിയിൽ ഒതുക്കുന്നതിനു വേണ്ടിയുള്ള നിയമ നടപടി വരെ കേന്ദ്ര ഗവൺമെന്റ്‌ ആവിഷ്‌കരിച്ചു. സഹകരണപ്രസ്‌ഥാനം സംസ്ഥാന ലിസ്റ്റിൽപ്പെട്ടതായതുകൊണ്ടുതന്നെ അത്‌ എങ്ങനെ പിടിയിൽ ഒതുക്കാമെന്ന പഴുതാണ്‌ കേന്ദ്രം അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ എം വി ഗോവിന്ദൻ പറഞ്ഞു. പാർടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ ആരു പുറത്തുപറഞ്ഞാലും തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു.





deshabhimani section

Related News

0 comments
Sort by

Home