വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ നിരുത്തരവാദപരം; കേരളം തള്ളിക്കളയും: എം സ്വരാജ്

എം സ്വരാജ്, വെള്ളാപ്പള്ളി നടേശന്‍
തിരുവനന്തപുരം: ശ്രീനാരായണഗുരുവും എസ്എൻഡിപി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധമാണ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇത്തരം പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരമാണ്. മതനിരപേക്ഷ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങൾ കേരളം തള്ളിക്കളയുമെന്നും എം സ്വരാജ് പറഞ്ഞു.
കേരളത്തിൽ മതാധിപത്യമാണെന്നും സർക്കാർ എന്തു നിയമം കൊണ്ടുവന്നാലും മലപ്പുറത്തുനിന്ന് അനുവാദം വാങ്ങിയില്ലെങ്കിൽ കുഴപ്പമാകുമെന്നുമായിരുന്നു വെള്ളാപ്പള്ളി കഴിഞ്ഞദിവസം പറഞ്ഞത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വിവാദ പരാമർശങ്ങളും വെള്ളാപ്പള്ളി നടത്തി. കാന്തപുരം പറയുന്നത് നോക്കി ഭരിച്ചാൽ മതിയെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. കോട്ടയത്തിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കൈയിലായി. മറ്റിടങ്ങളിൽ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോൾ മലപ്പുറത്ത് മുസ്ലീം വിഭാഗം ജനസംഖ്യ വർധിപ്പിച്ച്, സീറ്റ് കൂട്ടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്‌എൻഡിപി യോഗം കോട്ടയം ശാഖ നേതൃസംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയും വെള്ളാപ്പള്ളി പ്രസംഗത്തിൽ തെറ്റിധരിപ്പിച്ചു. മതതീവ്രവാദ സംഘടനയായ എൻഡിഎഫിനെതിരെ വി എസ് മുൻപ് പറഞ്ഞ വാക്കുകൾ മുസ്ലിം വിഭാഗത്തിനെതിരായ ആരോപണമാക്കിയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം.









0 comments