വി എസിന്റെ പേര് വിവാദങ്ങളിൽ കുരുക്കിയിടാൻ ശ്രമം: എം സ്വരാജ്

കഞ്ഞിക്കുഴി
ചിതയുടെ ചൂട് വിട്ടുപോകും മുമ്പ് വി എസ് അച്യുതാനന്ദനെ ആക്രമിക്കാൻ ചില മാധ്യമങ്ങളുടെ നേതൃത്വത്തിൽ നീക്കം നടക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. സിപിഐ എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വി എസ് അച്യുതാനന്ദൻ അനുസ്മരണ സമ്മേളനം പി പി സ്വാതന്ത്ര്യം സ്മാരക കമ്യൂണിറ്റി ഹാളിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വി എസിന്റെ പേര് വിവാദങ്ങളിൽ കുരുക്കിയിടാനാണ് നീക്കം. അത് അദ്ദേഹത്തോടുള്ള അനാദരവാണ്, മനുഷ്യത്വമില്ലായ്മയാണ്. വി എസിനെ വിയോജിപ്പുകളുടെയും വിഭാഗീയതയുടെയും പ്രതീകമായി തളച്ചിടാനാണ് ശ്രമം.
രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും സ്നേഹാദരങ്ങൾക്ക് അർഹനായ, ത്യാഗനിർഭരവും സാഹസികവുമായ രാഷ്ട്രീയജീവിതത്തിന് ഉടമയായ വി എസിനെ ആക്രമിക്കുന്ന ശൈലി മാധ്യമങ്ങൾ അവസാനിപ്പിക്കണം. അതിന് ഏതെല്ലാം കൽപ്പിതകഥകളാണ് പ്രചരിപ്പിക്കുന്നത്. ആരോഗ്യവാനായിരുന്ന സമയത്ത് നേരിട്ട് മറുപടി പറഞ്ഞവസാനിപ്പിച്ച കാര്യങ്ങൾവരെ വി എസ് ജീവിച്ചിരിക്കുന്നില്ല എന്ന ധൈര്യത്തിൽ ആക്രമിക്കാൻ ഉപയോഗിക്കുന്നു. കേരളം ആദരിക്കുന്ന വ്യക്തിത്വത്തെ വിവാദങ്ങളുടെ പുകമറയിൽ നിർത്താനുള്ള ഹീനമായ നീക്കമാണിത്. അത് ഇൗ നാട് അംഗീകരിക്കില്ല. എല്ലാക്കാലവും കേരളത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ചരിത്രത്തിലും സാധാരണക്കാരുടെ ഹൃദയത്തിലും സർവപ്രതാപത്തോടെ വി എസ് നിലനിൽക്കും. വിഎസിന്റെ തെളിമയാർന്ന രാഷ്ട്രീയം വരുംനാളുകളിലും ഇൗ നാടിന് വഴികാട്ടുമെന്നും അദ്ദേഹം പറഞ്ഞു.









0 comments