മതരാഷ്ട്ര നിർമിതിക്ക് വിദ്യാഭ്യാസത്തെ ഉപയോഗിക്കുന്നു : എം സ്വരാജ്

കാരത്തൂർ (മലപ്പുറം)
വിദ്യാഭ്യാസത്തെ ഉപയോഗിച്ച് മതരാഷ്ട്ര നിർമിതിയാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ഹിന്ദുവിനെ ഉണർത്തണമെന്നാണ് വിചാരധാരയിൽ അധ്യാപകർക്ക് നൽകുന്ന ആഹ്വാനം. എല്ലാ ഹിന്ദുവിനെയും വർഗീയവാദിയായ ഹിന്ദുവാക്കാനുള്ള രാഷ്ട്രീയപ്രവർത്തനമാണ് വിദ്യാഭ്യാസമെന്ന് ആർഎസ്എസ് കരുതുന്നു. ഇടതുപക്ഷ സമീപനത്തിന് കടകവിരുദ്ധമായ നയമാണ് ആർഎസ്എസിനുള്ളത്. മനുഷ്യ ഭാവനയുടെ സൃഷ്ടികളായ മിത്തുകളെ ശാസ്ത്രമായി അവതരിപ്പിക്കുന്നു. സർക്കാർ സംവിധാനങ്ങളെ രാഷ്ട്രീയതാൽപ്പര്യത്തിന് ഉപയോഗിക്കുന്നു. ഗവർണർമാരെ ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് അജൻഡ നടപ്പാക്കുന്നു.
ചരിത്രം മായ്ച്ചുകളഞ്ഞ്, താൽപ്പര്യത്തിനനുസരിച്ച് കഥകൾ മെനയുന്നു. സംഘപരിവാർ രൂപപ്പെടുത്തിയ പാഠപുസ്തകങ്ങളാണ് ഭാവിതലമുറ വായിക്കുക. ഇതോടെ ഇന്ത്യൻ വിദ്യാർഥി ലോകത്തിനുമുന്നിൽ പരിഹസിക്കപ്പെടും. മതരാഷ്ട്രത്തിലേക്കുള്ള പ്രത്യക്ഷ വെല്ലുവിളിയാണ് പുതിയ വിദ്യാഭ്യാസ നയം.
ഇതിനെ എതിർക്കുന്നത് വിദ്യാഭ്യാസമേഖലയെ ജനാധിപത്യവൽക്കരിക്കുന്നതിനൊപ്പം രാജ്യത്തെ മതനിരപേക്ഷമാക്കാനും സഹായിക്കും. നിർഭാഗ്യവശാൽ സംഘപരിവാറിന്റെ മതരാഷ്ട്ര നിർമിതി തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കാൻ കോൺഗ്രസിനും ഒപ്പം നിൽക്കുന്നവർക്കും കഴിയുന്നില്ല. സർവകലാശാലകളിൽ ഏതെങ്കിലും പദവി ലഭിക്കുമെന്ന് കരുതി സംഘപരിവാർ നയങ്ങളെ പിന്തുണയ്‌ക്കുകയാണ് ഇവർ. ഇതിനെതിരെ മതനിരപേക്ഷവാദികളുടെ വിപുലമായ നിര കെട്ടിപ്പടുക്കുകയാണ് നമ്മുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.









0 comments