print edition വിദ്യാഭ്യാസത്തിന്റെ വർഗീയവൽക്കരണം ; സിപിഐ എമ്മിനും സിപിഐക്കും ഒരേനിലപാട് : എം എ ബേബി

ന്യൂഡൽഹി
വിദ്യാഭ്യാസത്തിന്റെ വർഗീയവൽക്കരണം, കേന്ദ്രീകരണം, കച്ചവടവൽക്കരണം എന്നീ മൂന്ന് കാര്യങ്ങളിലും സിപിഐ എമ്മിനും സിപിഐക്കും ഒരേ നിലപാടാണുള്ളതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഡൽഹി എ കെ ജി ഭവനിലെത്തിയ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്തുപേരിട്ട് വിളിച്ചാലും വിദ്യാഭ്യാസ രംഗത്ത് ഇവ മൂന്നും അനുവദിച്ചുകൂട. ഇതിലെ കേന്ദ്രീകരണം അടിയന്തരാവസ്ഥ കാലത്ത് 42–ാം ഭരണഘടനാ ഭേദഗതിയിലൂടെ സംഭവിച്ചതാണ്. ആരൊക്കെ അതിനെ ജയിലിൽ കിടന്നുൾപ്പെടെ എതിർത്തു എന്ന വിഷയങ്ങളുണ്ട്. അന്ന് ഇന്ദിരാഗാന്ധി വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിൽ നിന്ന് സമവർത്തി പട്ടികയിലേക്ക് മാറ്റി. നരേന്ദ്ര മോദി ഇന്നതിനെ കൈകാര്യം ചെയ്യുന്നത് കേന്ദ്രപട്ടികയിൽ ഉള്ളതുപോലെയാണ്. അതിനെതിരായുള്ള സമരം ഇനിയും തുടരണം.
ഇതിനെയും വർഗീയവൽക്കരണം, കച്ചവടവൽക്കരണം എന്നിവയെയും നഖശിഖാന്തം എതിർക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി. പിഎം ശ്രീയിൽ പറയുന്ന മിക്കവാറും കാര്യങ്ങളും കേരളത്തിൽ ഇതിനോടകം നടപ്പാക്കിയതാണ്. സ്‌മാർട്ട് ക്ലാസ് റൂം, ലബോറട്ടറി, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിലുൾപ്പെടും. ഇതൊക്കെ മുന്നോട്ടുകൊണ്ടുപോകണം. പിഎം ശ്രീ എന്ന പദ്ധതി അടുത്ത വർഷം അവസാനിക്കും. എസ്‌എസ്‌എ ഉൾപ്പെടെയുള്ള പദ്ധതികളിൽ നൽകേണ്ട സാന്പത്തിക സഹായം പദ്ധതിയിൽ ഒപ്പിടുന്നില്ല എന്ന പറഞ്ഞുകൊണ്ട് കണ്ണിൽ ചോരയില്ലാതെ കേന്ദ്രം നിഷേധിക്കുകയാണ്. മാധ്യമങ്ങളുൾപ്പെടെ ഇതിനെ കുറിച്ച് ചർച്ച ചെയ്യുന്നില്ല. ഇത് മറികടക്കാനുള്ള മാർഗമെന്ന നിലയിലാണ് തീരാൻ പോകുന്ന പദ്ധതിയിൽ ഒപ്പിട്ടതെന്നാണ് മനസിലാക്കുന്നത്.
പൊതുവിദ്യാഭ്യാസ രംഗത്ത് ചെയ്യുന്നതിന് സമാനമായി ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള പദ്ധതിയാണ് പിഎം ഉഷ. അതിൽ ഒപ്പിട്ടതുകൊണ്ട് ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം എൻഇപിയുടെ ഭാഗമായി പറയുന്ന കാര്യങ്ങളൊന്നും സംസ്ഥാനം നടപ്പാക്കിയിട്ടില്ല. ഒരു പാഠപുസ്‌തകത്തിലും വർഗീയവൽക്കരണം പിടികൂടിയിട്ടുമില്ല. ആ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പിഎം ശ്രീയിലും ഒപ്പിട്ടിരിക്കുന്നത്.– എം എ ബേബി പറഞ്ഞു.









0 comments