ഇസ്രയേൽ യുദ്ധവെറിയുടെ പര്യായം : എം എ ബേബി

തൃശൂർ
ലോകത്ത് യുദ്ധവെറിയുടെ പര്യായമായി ഇസ്രയേൽ മാറിയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. പ്രകോപനമൊന്നുമില്ലാതെയാണ് ഇറാനെതിരായ ആക്രമണം. അമേരിക്കയുടെ വാടകഗുണ്ടകളായാണ് ഇസ്രയേലി ഭരണകൂടം പെരുമാറുന്നത്. പശ്‌ചിമേഷ്യയെ എന്നും രക്തമൊലിക്കുന്ന മുറിവാക്കി മാറ്റാനാണ് സയണിസ്‌റ്റുകളുടെ ശ്രമമെന്നും ബേബി പറഞ്ഞു. തൃശൂരിൽ ഇ എം എസ് സ്‌മൃതി ദ്വിദിന ദേശീയ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാസയിലെ നരമേധത്തിനിടെയാണ് പുതിയ ആക്രമണം. നേരത്തേ ഈജിപ്‌തിനെതിരെയും പ്രകോപനമില്ലാതെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇറാനെതിരായ ആക്രമണം ലോക സമ്പദ്‌ഘടനയെ ഗുരുതരമായി ബാധിക്കും. ലോകത്താകെ യുദ്ധോത്സുകരായ തീവ്ര വലതുപക്ഷം അധീശത്വം സ്ഥാപിക്കുകയാണ്. ഇവർക്ക് യുദ്ധം രാഷ്‌ട്രീയ പദ്ധതിയാണ്. ആയുധ നിർമാണവും ആയുധ വ്യാപാരവും ആധാരമാക്കിയുള്ള അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്പിന് ഇത്തരം സംഘർഷങ്ങൾ അനിവാര്യമാണ്.
ഇന്ത്യയിൽ ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിനും അതിർത്തി സംഘർഷം ഇഷ്‌ട വിഷയമാണ്. ഇത് രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ് സംഘപരിവാർ. ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാനാണ് ഭീകരർ പഹൽഗാമിൽ ആക്രമണം നടത്തിയത്. കശ്‌മീരിലെയും ഇന്ത്യയിലെ മറ്റുപ്രദേശങ്ങളിലെയും ജനങ്ങൾ ഇതിനെതിരെ നിലകൊണ്ടു. പാർലമെന്റ് വിളിക്കണമെന്ന ആവശ്യം നിരാകരിച്ച് സൈനിക നടപടികളിലേക്ക് നീങ്ങുകയാണ് കേന്ദ്രസർക്കാർ. പാകിസ്ഥാനുമായുള്ള അതിർത്തി സംഘർഷത്തിൽ അസാധാരണമാംവിധം അമേരിക്ക ഇടപെട്ടു. ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള സംഘർഷത്തിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ നിരാകരിക്കുന്നതാണ് സിംല കരാർ–- -ബേബി പറഞ്ഞു.
0 comments