തദ്ദേശ തെരഞ്ഞെടുപ്പ്: കാൻഡിഡേറ്റ് സെറ്റിംഗ് നാളെ മുതൽ; റീൽസ്, വാട്‌സ്ആപ്പ്ഗ്രൂപ്പ് നിരീക്ഷണം കർശനമാക്കി

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടിംഗ് മെഷീനുകളിൽ നാളെ മുതൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും. നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് യൂണിറ്റുകൾ സജ്ജമാക്കുന്നത്. പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലത്തിൽ ഒന്നു വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റുമാണ് സെറ്റ് ചെയ്യുന്നത്.
ഓരോ തലത്തിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലാണ് ബാലറ്റ് യൂണിറ്റിൽ സജ്ജമാക്കുന്നത്. സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണ് വോട്ടിങ് മെഷീനിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. ഗ്രാമ പഞ്ചായത്തിന്റെ ബാലറ്റ് ലേബൽ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തിന്റേത് പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തിന്റേത് ഇളം നീല നിറത്തിലുമുള്ളതാണ്. നഗരസഭകളുടെ കാര്യത്തിൽ വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് ഉപയോഗിക്കുന്നത്.
ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു നിയോജകമണ്ഡലത്തിലും 15 ൽ കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കാനില്ലാത്തതിനാൽ എല്ലാ ബുത്തുകളിലും ഓരോ തലത്തിലും ഓരോ ബാലറ്റ് യൂണിറ്റ് മതിയാകും. കാൻഡിഡേറ്റ് സെറ്റിംഗിന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും മെഷീനുകളിൽ മോക്ക്‌പോൾ നടത്തും. മോക്‌പോളിന്റെ ഫലം സന്നിഹിതരായിട്ടുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും സ്ഥാനാർത്ഥികളേയും കാണിക്കും. തുടർന്ന് മോക്ക് പോൾ ഫലം ഡിലീറ്റ് ചെയ്ത് മെഷീനുകൾ സ്‌ട്രോങ്ങ് റൂമിൽ സൂക്ഷിക്കും.
വോട്ടെടുപ്പിന്റെ തലേദിവസം മറ്റ് പോളിംഗ് സാധനങ്ങൾക്കൊപ്പം മെഷീനുകളും പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറും. വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് അതത് പോളിംഗ് സ്റ്റേഷനിൽ വച്ച് ഹാജരുള്ള പോളിംഗ് ഏജന്റുമാരുടേയും സ്ഥാനാർഥികളുടേയും സാന്നിദ്ധ്യത്തിൽ മോക്ക് പോൾ നടത്തും. തുടർന്ന് 7 മണി മുതൽ വോട്ടെടുപ്പ് ആരംഭിക്കും.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഊർജിതമായ സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയുള്ള റീൽസുകളും മറ്റ് ഉള്ളടക്കവും നിരീക്ഷിക്കുന്നത് കർശനമാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ നിർദേശിച്ചു. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും സംഘടനകളും അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നൽകുന്ന റീൽസുകളും വാട്‌സ്ആപ്പ് ഗ്രുപ്പുകളിലെ ഉള്ളടക്കവും ചർച്ചകളും നിരീക്ഷിക്കാൻ പോലീസ് സൈബർ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങൾ, വോയിസ് ക്ലിപ്പുകൾ, വീഡിയോകൾ, അനിമേഷനുകൾ, ഇമേജ് കാർഡുകൾ എന്നിവ പ്രത്യേകമായി നിരീക്ഷിക്കും. അനൗൺസ്മെന്റുകളിൽ ജാതി, മതം, തുടങ്ങിയവ ഉൾപ്പെടെയുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പരാമർശിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. വ്യാജമായതോ, അപകീർത്തികരമായതോ, അനുവദനീയമല്ലാത്തതോ ആയ ഉള്ളടക്കം കണ്ടെത്തിയാലോ അത് സംബന്ധിച്ച് പരാതി ലഭിച്ചാലോ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷണർ നിർദ്ദേശിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ്പ് ഫേക്ക്, വോയിസ് ചെയ്ഞ്ചിങ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടിയുണ്ടാവും. ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ് 2021, ഭാരതീയ ന്യായസംഹിത 2023, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയിൽ വരുന്ന എല്ലാ വ്യവസ്ഥകളും തിരഞ്ഞെടുപ്പ് ഉള്ളടക്കങ്ങളുടെ നിർമാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം.
പാർടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വ്യാജമായ/തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്നു മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യുകയും ഉത്തരവാദികൾക്ക് മുന്നറിയിപ്പ് നൽകുകയും വേണം. വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്ഫോമുകൾക്ക് റിപ്പോർട്ട് ചെയ്യണം. പ്രചാരണത്തിൽ സമത്വവും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണം നടത്തുന്നവരും ശ്രദ്ധിക്കണം. സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും കമ്മീഷണർ പറഞ്ഞു.








0 comments