സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ 5 വർഷത്തിനിടെ തദ്ദേശസ്ഥാപനങ്ങൾവഴി ജില്ലയിൽ നടപ്പാക്കിയത് 1,21,301 പദ്ധതികൾ , വിനിയോഗിച്ചത് 12,066.16 കോടി രൂപ
print edition ചരിത്രം തുടരാൻ കൊല്ലം

കൊല്ലം കോർപറേഷൻ താമരക്കുളം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി ചുവരെഴുതുന്ന ഭിന്നശേഷിക്കാരനായ ആശ്രാമം സ്വദേശി ജെ ആന്റണി
ജയൻ ഇടയ്‌ക്കാട്
Published on Nov 25, 2025, 03:01 AM | 2 min read
കൊല്ലം
തദ്ദേശപോരിലെ കൊല്ലം കാഴ്ചകളിലേക്കിറങ്ങുന്പോൾ മുന്നണി ക്യാന്പുകളിൽ വ്യത്യസ്‌ത മൂഡാണ്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും വിജയിച്ച് വൻകുതിപ്പ് നടത്തിയ ചരിത്രത്തിന്റെ തുടർച്ച എൽഡിഎഫ് പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുമുന്പേ വികസന ജാഥകൾ, ജനസദസ്സുകൾ എന്നിവയിലൂടെ സജീവമായ എൽഡിഎഫ് പ്രചാരണരംഗത്തും മുന്നേറി. ഇരുപത്തഞ്ചിന്റെ നിറവിലെത്തിയ കൊല്ലം കോർപറേഷനിൽ ഉൾപ്പെടെ യുവജന പ്രാതിനിധ്യം, ഭരണപരിചയം, നേതൃശേഷി എന്നിവ ഉറപ്പാക്കിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
അതിവേഗം സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചെന്ന് അവകാശവാദമുന്നയിച്ച യുഡിഎഫിൽ ഘടകകക്ഷികളായ മുസ്ലിംലീഗും ആർഎസ്‌പിയും കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളും പോരിലാണ്. നേതാക്കളുടെയും പ്രവർത്തകരുടെയും രാജിയിലും വിമതരുടെ പടയൊരുക്കത്തിലും കോൺഗ്രസ് നട്ടംതിരിയുന്നു. നവംബറിന്റെ തുടക്കത്തിൽ തുടങ്ങിയ രാജി തുടരുന്നു. ചവറ, കല്ലേലിഭാഗം, ഇരവിപുരം മണ്ഡലം പ്രസിഡന്റുമാർ, ഓച്ചിറ ബ്ലോക്ക് സെക്രട്ടറി, വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ്, എഴുകോൺ പഞ്ചായത്ത് മുൻ പ്രസിഡന്റ് എന്നിങ്ങനെ നിരവധിപേർ പട്ടികയിലുണ്ട്. കെപിസിസി രാഷ്‌ട്രീയകാര്യസമിതിഅംഗം ബിന്ദുകൃഷ്‌ണ ബിജെപി ഏജന്റാണെന്ന് ഡിസിസി ഓഫീസിൽ പോസ്റ്റർ നിരന്നു.
അവഗണനയ്ക്കെതിരെ കെഎസ്‌യു നേതാക്കൾ ഡിസിസി ഓഫീസ് ഉപരോധിച്ചു. മുസ്ലിംലീഗ് തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ളവരും ഷിബു ബേബിജോണിന്റെ നാട്ടിൽ ആർഎസ്‌പി ബ്രാഞ്ച് സെക്രട്ടറിയും രാജിവച്ചു.

എൻഡിഎ ക്യാന്പിൽ സ്ഥാനാർഥിത്വത്തിനായി നേതാക്കളെയടക്കം ബ്ലാക്ക്‌മെയിൽചെയ്യുന്ന സ്ഥിതിയാണ്. ക്വട്ടേഷൻ കൊലപാതകക്കേസ് നിലവിലുള്ള ബിജെപി ജില്ലാ പ്രസിഡന്റിനെയും പണം തട്ടിപ്പുകേസിൽ പ്രതിയായ ജനറൽ സെക്രട്ടറിയെയും ബ്ലാക്ക്‌മെയിൽ ചെയ്‌താണ് പലരും സ്ഥാനാർഥിത്വം നേടിയതെന്ന ആക്ഷേപം ബിജെപിയിൽ ശക്തം. പരാതികൾ സംസ്ഥാനനേതൃത്വത്തിന്റെ പരിഗണനയിലാണ്. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ അഞ്ചുവർഷത്തിനിടെ തദ്ദേശസ്ഥാപനങ്ങൾവഴി ജില്ലയിൽ നടപ്പാക്കിയത് 1,21,301 പദ്ധതികളാണ്.
വിനിയോഗിച്ചത് 12,066.16 കോടി രൂപ. സംസ്ഥാനത്ത് ആദ്യം ബയോമൈനിങ് നടപ്പാക്കിയ കൊല്ലം കോർപറേഷനിലെ കുരീപ്പുഴ ചണ്ടിഡിപ്പോ, ‘ജീവനാണ് അഷ്‌ടമുടി– ജീവിക്കണം അഷ്‌ടമുടി’ മാലിന്യസംസ്‌കരണ പദ്ധതി എന്നിവ ദേശീയ ശ്രദ്ധയാകർഷിച്ചു. സ്‌കിൽടെക്, ഹാപ്പിനെസ് പാർക്ക്, മാലാഖകൂട്ടം, കതിർമണി ബ്രാൻഡ് നെല്ലരി, കുരിയോട്ടുമലയിലെ അന്തർദേശീയ പരിശീലനകേന്ദ്രം തുടങ്ങിയവ ജില്ലാപഞ്ചായത്തിന്റെ അഭിമാനപദ്ധതികളായി.
രാജ്യത്ത് ആദ്യം ഭരണഘടനാസാക്ഷരത കൈവരിക്കുന്ന ജില്ലയായും കൊല്ലം റെക്കോഡിട്ടു. 85 തദ്ദേശ സ്ഥാപനങ്ങളിലായി 1698 ജനപ്രതിനിധികളെ ജില്ല തെരഞ്ഞെടുക്കും. 22,71,343 വോട്ടർമാർ.
കക്ഷിനില
ജില്ലാപഞ്ചായത്ത്
ആകെ ഡിവിഷന്‍: 26
എല്‍ഡിഎഫ്: 23, യുഡിഎഫ്: 3
കോർപറേഷൻ
ആകെ വാര്‍ഡ്: 55
എല്‍ഡിഎഫ്: 36, യുഡിഎഫ്: 12, ബിജെപി: 6, എസ്ഡിപിഐ: 1
നഗരസഭകൾ (4)
എല്‍ഡിഎഫ്: 3, പരവൂര്‍– നറുക്കെടുപ്പിലൂടെ ചെയർപേഴ്സൺ യുഡിഎഫ്
ബ്ലോക്ക് പഞ്ചായത്തുകൾ (11)
എൽഡിഎഫ്: 10, യുഡിഎഫ്: 1
ഗ്രാമപഞ്ചായത്തുകൾ (68)
എല്‍ഡിഎഫ്: 43, യുഡിഎഫ്: 23, യുഡിഎഫ് + ബിജെപി: 2









0 comments