ബാങ്കിനെയും കബളിപ്പിച്ചു: ആദിവാസിയുടെ ലൈഫ് വീടിന്റെ പണം തട്ടി ലീഗ് നേതാവ്

കുമാരൻ കരിങ്കണ്ണിക്കുന്നിൽ പണിതുടങ്ങിയ വീടിന്റെ തറയിൽ

വി ജെ വർഗീസ്
Published on Jan 13, 2025, 03:16 AM | 1 min read
കൽപ്പറ്റ: ആദിവാസി കുടുംബത്തിന് അനുവദിച്ച ലൈഫ് ഭവനപദ്ധതിയുടെ പണം തട്ടിയെടുത്ത് ലീഗ് നേതാവ്. മുട്ടിൽ പഞ്ചായത്തിലെ തെറ്റുപാടി ഉന്നതിയിലെ വി കുമാരന് സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയിൽ വീട ്‌അനുവദിച്ചിരുന്നു. ഇതിന്റെ നിർമാണത്തിനുള്ള ആദ്യഗഡുവായ 90,000 രൂപയും അക്കൗണ്ടിൽ നേരത്തെ ഉണ്ടായിരുന്ന 500 രൂപയുമുൾപ്പെടെയാണ് വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ലീഗ് നേതാവ് അഷറഫ് ചിറക്കൽ തട്ടിയെടുത്തത്. ബാങ്കിനെ ഉൾപ്പെടെ കബളിപ്പിച്ച് പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി.
പണിയ സമുദായത്തിൽപെട്ട കുമാരന് ലൈഫ് ഭവന പദ്ധതിയിൽ 2022 ഫെബ്രുവരിയിലാണ് നാല് സെന്റും വീടും സർക്കാർ അനുവദിച്ചത്.
വീടിന്റെ പണം അക്കൗണ്ടിലേക്ക് വരുംമുമ്പ്, കുമാരന് അക്കൗണ്ട് ഉണ്ടായിരുന്ന യൂണിയൻ ബാങ്കിന്റെ കൽപ്പറ്റ ബ്രാഞ്ചിലേക്ക് കൂട്ടിക്കൊണ്ടുപോയി ഫോമുകളിൽ ഒപ്പിടുവിച്ചു. കുമാരന്റെ ഫോൺ നമ്പറിനുപകരം അഷറഫ് സ്വന്തം നമ്പർ രജിസ്‌റ്റർ ചെയ്‌തു.
2022 നവംബർ മൂന്നിന് കുമാരന്റെ അക്കൗണ്ടിലേക്ക് വീടിനുള്ള ആദ്യഗഡുവായ 90,000 രൂപ സർക്കാർ നൽകി. നവംബർ നാലുമുതൽ അഞ്ച് തവണകളായി തുക അഷറഫ് തന്റെ പേരിൽ എസ്‌ബിഐയുടെ കോട്ടത്തറ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് മാറ്റി.
ഐഎംപിഎസ് (ഇമീഡിയറ്റ് പേമെന്റ് സർവീസ്) ഇടപാടിലൂടെയാണ് പണം മാറ്റിയത്. വീട് നിർമാണത്തെക്കുറിച്ച് അന്വേഷിച്ച കുമാരനോട് പണം ലഭിച്ചിട്ടില്ലെന്ന് കള്ളം പറഞ്ഞു.
മാർച്ചിൽ പദ്ധതി ലാപ്‌സാകുമെന്ന് കണ്ടതോടെ കഴിഞ്ഞമാസം അഷറഫ്, കുമാരന് മുട്ടിൽ കരിങ്കണ്ണിക്കുന്നിൽ ലഭിച്ച സ്ഥലത്ത് വീടിന്റെ അടിത്തറ നിർമാണം തുടങ്ങി.
ഇതോടെ പണം വന്നോയെന്ന് അന്വേഷിക്കാൻ കുമാരൻ ബാങ്കിലെത്തിയപ്പോഴാണ് തുക അഷറഫ് തട്ടിയെടുത്തത് മനസ്സിലാക്കിയത്. കലക്ടർക്കും ഐഡിടിപി പ്രോജക്ട് ഓഫീസർക്കും പരാതിനൽകി.
Tags
Related News

0 comments