നിലമ്പൂരിൽ എൽഡിഎഫ്‌ വലിയ ഭൂരിപക്ഷം നേടും: എ വിജയരാഘവൻ

vijaya raghavan
വെബ് ഡെസ്ക്

Published on Jun 19, 2025, 09:14 PM | 1 min read

നിലമ്പൂർ: എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജ് നിലമ്പൂരിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വരാജിന്‌ വലിയ പൊതുസ്വീകാര്യതയാണ്‌ ലഭിച്ചത്‌. മാന്യതയാർന്ന പ്രചാരണ പ്രവർത്തനമാണ്‌ ഇടതുപക്ഷവും സ്വരാജും നടത്തിയത്‌. വിവാദങ്ങളുണ്ടാക്കാനുള്ള യുഡിഎഫിന്റെ എല്ലാ നീക്കവും പൊളിഞ്ഞു. അവരുടെ രാഷ്ട്രീയ പരിമിതി ബോധ്യപ്പെട്ട തെരഞ്ഞെടുപ്പാണിത്‌.


യുഡിഎഫിനുവേണ്ടി ഒന്നാമതായി വോട്ട് ചെയ്യേണ്ട ആളാണ് കഴിഞ്ഞ തവണത്തെ സ്ഥാനാർഥിയും ഡിസിസി പ്രസിഡന്റുമായിരുന്ന അന്തരിച്ച വി വി പ്രകാശിന്റെ ഭാര്യ. പ്രകാശിന്റെ വീട് സന്ദർശിക്കാൻപോലും യുഡിഎഫ്‌ സ്ഥാനാർഥി തയ്യാറായില്ല. പോയില്ലെന്നുമാത്രമല്ല, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം പറയാനും തയ്യാറായില്ല. പ്രകാശിന്റെ മകളുടെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്‌ വൈകാരിക അർഥതലങ്ങളുണ്ട്. ന്യൂജെൻ കോൺഗ്രസുകാരാണ് നിലമ്പൂരിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ്‌ തിരക്കഥ തയ്യാറാക്കിയത്. ഇത് സാധാരണ കോൺഗ്രസുകാർക്ക് ഇഷ്ടമായിട്ടില്ല. പ്രധാന നേതാക്കൾക്കൊന്നും പരിഗണന ലഭിച്ചില്ല. അതിൽ അവർക്ക്‌ വലിയ അതൃപ്തിയുണ്ട്‌.


യുഡിഎഫ്‌ വർഗീയവൽക്കരണത്തിന്റെ അളവുകൂട്ടുകയാണ്. തീവ്ര വർഗീയ കക്ഷിയായ ജമാഅത്തെ ഇസ്ലാമിക്ക് മാന്യത നൽകുന്ന അപകടകരമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. മലയാളിയെ വർഗീയമായി ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ തീക്കളിയാണ് യുഡിഎഫ്‌ നടത്തുന്നത്. സാമുദായിക സംഘടനകൾ യുഡിഎഫ് നിലപാടിനെതിരെ വിമർശം ഉന്നയിച്ചു. അവർ ജമാഅത്തെ ഇസ്ലാമിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. സാമുദായിക സംഘടനയുടെ പേരിൽ സ്വരാജിനെതിരെ വ്യാജ പോസ്റ്റിട്ടു. അത് തങ്ങളുടെ നിലപാടല്ലെന്ന്‌ ആ സാമുദായിക സംഘടനതന്നെ വ്യക്തമാക്കി. രാഷ്‌ട്രീയ മാന്യതയില്ലാതെയാണ്‌ യുഡിഎഫ്‌ പലഘട്ടത്തിലും പ്രവർത്തിച്ചത്‌.


മതനിരപേക്ഷ മുന്നണിയായാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. ഒരു തീവ്ര വർഗീയ കക്ഷികളെയും അതിൽ ഉൾപ്പെടുത്തിയിട്ടില്ല. ആർഎസ്‌എസും സിപിഐ എമ്മും കൂട്ടുകെട്ടുണ്ടാക്കിയെന്ന കള്ളക്കഥ പ്രചരിപ്പിക്കുകയാണ്‌ യുഡിഎഫ്‌. ആർഎസ്എസുമായി ഒരുകാലത്തും ബന്ധമുണ്ടാക്കിയിട്ടില്ല. പാർലമെന്റിൽ വി പി സിങ്ങിനെതിരെ വോട്ടുചെയ്തത് കോൺഗ്രസും ബിജെപിയും ചേർന്നാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home