4 ദിവസത്തിനുള്ളില്‍ സര്‍വേ സ്‌കെച്ചും തണ്ടപ്പേരും ഓണ്‍ലൈനായി
ഭൂമി കൈമാറ്റം ലളിതമാകും ; പോക്കുവരവ് ചട്ടങ്ങളിൽ ഭേദഗതി

തിരുവനന്തപുരം
ഭൂമി കൈമാറ്റവുമായ ബന്ധപ്പെട്ട നടപടികൾ സുതാര്യവും ലളിതവുമാക്കാൻ പോക്കുവരവ് ചട്ടങ്ങളിൽ ഭേദഗതി ചെയ്‌ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഭൂമി രജിസ്‌ട്രേഷന് മുമ്പ് പോക്കുവരവിനുള്ള അപേക്ഷ സമർപ്പിക്കണമെന്ന് നിഷ്‌കർഷിച്ചാണിത്. ഇനി മുതൽ സംയോജിത പോർട്ടലായ എന്റെ ഭൂമി പോർട്ടലിലൂടെയാകും രജിസ്ട്രേഷൻ നടപടികൾ. സംയോജിത പോർട്ടൽ വഴിയുള്ള ആധാരം രജിസ്‌ട്രേഷൻ നിലവിൽ വരുന്നതോടെ ഭൂമി കൈമാറുമ്പോൾ നേരിടുന്ന എല്ലാ പ്രശനങ്ങളും ഇല്ലാതാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
രേഖകൾ വ്യക്തമായി പരിശോധിച്ചും ഭൂമിയുടെ സ്ഥല പരിശോധന നടത്തിയ ശേഷവും സർട്ടിഫിക്കറ്റ് നൽകുന്നതിലൂടെ ആധികാരികമായ ആധാരങ്ങളാകും ലഭ്യമാവുക. ഭൂമി രജിസ്‌ട്രേഷന് മുമ്പും ശേഷവും സ്‌കെച്ചിനായോ പോക്കുവരവിനായോ വില്ലേജ് ഓഫീസിൽ നേരിട്ട് പോകേണ്ടി വരില്ല. ഡിജിറ്റൽ സർവെ പൂർത്തിയാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച വില്ലേജുകളിലാണ് രജിസ്‌ട്രേഷനു മുമ്പായി പോക്കു വരവിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ഡിജിറ്റൽ സർവെ കഴിഞ്ഞ വില്ലേജുകളിൽ ഭൂമി കൈമാറ്റത്തിന് ഡിജിറ്റലായി തയ്യാറാക്കിയ സ്‌കെച്ചും തണ്ടപ്പേരും നിർബന്ധമാണ്. ഇതിനായി സംയോജിത പോർട്ടലായ എന്റെ ഭൂമി വഴി, ഭൂവുടമയോ ചുമതലപ്പെടുത്തിയ ആളോ ഓൺലൈനായി ഡിജിറ്റൽ പ്രീ മ്യൂട്ടേഷൻ സ്‌കെച്ചിനും തണ്ടപ്പേരിനും അപേക്ഷ നൽകണം. അപേക്ഷ ലഭിച്ചാൽ സർവെയർ സ്ഥല പരിശോധന നടത്തി സർവെ സ്‌കെച്ച് തയ്യാറാക്കും. വില്ലേജ് ഓഫീസർ ആവശ്യമായ പരിശോധന നടത്തി തണ്ടപ്പേർ പകർപ്പും തയ്യാറാക്കും. ഇവ രണ്ടും സംയോജിത പോർട്ടൽ വഴി ആധാരത്തോടൊപ്പം ചേർത്ത് സബ് രജിസ്ട്രാർ ഓഫീസിൽനിന്ന് രജിസ്റ്റർ ചെയ്തുനൽകും. പോക്കുവരവ് വില്ലേജ് രേഖകളിൽ ഉൾപ്പെടുത്തി ഓൺലൈനായി കരമടയ്‌ക്കാനാകും.
അപേക്ഷ നൽകിയാൽ നാല് ദിവസത്തിനുള്ളിൽ സർവെ സ്‌കെച്ചും തണ്ടപ്പേരും ഓൺലൈനായി ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, എതിർ കൈവശം, പിൻതുടർച്ച തുടങ്ങി വിചാരണ ആവശ്യമുള്ളതിൽ നേരിട്ട് പോക്കുവരവ് നടപടി ചെയ്യാം. അപ്പാർട്ട്‌മെന്റുകളിലും ഫ്‌ളാറ്റുകളിലുമുള്ള വിഭജിക്കപ്പെടാത്ത അവകാശവും സംയോജിത പോർട്ടൽ വഴി പോക്കുവരവ് നടത്താം.
പട്ടയം നഷ്ടപ്പെട്ടവര്‍ക്ക് ഇനി നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ്
സംസ്ഥാനത്ത് വിവിധ ഭൂനിയമങ്ങൾ പ്രകാരം നൽകിയ പട്ടയത്തിന്റെ അസൽ പകർപ്പ് നഷ്ടപ്പെട്ടവർക്ക് ഇനിമുതൽ കലക്ടർമാർ നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കും. പട്ടയം നഷ്ടപ്പെട്ടവർക്ക് ബാങ്ക് വായ്‌പയ്‌ക്കും ഭൂമി ക്രയവിക്രയത്തിനും നിലവിലുണ്ടായിരുന്ന തടസം ഇതോടെ പരിഹരിക്കപ്പെടും. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് രജിസ്റ്ററുകളിലെ വിവരമനുസരിച്ച് തഹസിൽദാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കലക്ടർ സർട്ടിഫിക്കറ്റ് അനുവദിക്കുക.
2020 ൽ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും 1964 ലെ ചട്ടങ്ങൾ, 1995 ലെ ചട്ടങ്ങൾ, 1993 ലെ ചട്ടങ്ങൾ എന്നിങ്ങനെ മൂന്ന് ഭൂപതിവു ചട്ടങ്ങൾ പ്രകാരം അനുവദിക്കപ്പെട്ട പട്ടയങ്ങൾക്കു മാത്രമാണ് ഉത്തരവ് ബാധകമായിരുന്നത്. പുതിയ ഉത്തരവ് പ്രകാരം 15 വ്യത്യസ്ത ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിക്കപ്പെട്ട കേസുകളിൽ നിജസ്ഥിതി സർട്ടിഫിക്കറ്റ് ലഭിക്കും.










0 comments