കെടിയു താൽക്കാലിക വിസി ആർഎസ്‌എസ് അജൻഡ നടപ്പാക്കുന്നു: കോൺഫെഡറേഷൻ

സാങ്കേതിക സർവകലാശാലയിൽ മുൻ ഗവർണർ നിയമവിരുദ്ധമായി നിയമിച്ച താൽക്കാലിക വൈസ് ചാൻസലർ ഡോ. ശിവപ്രസാദ് സിൻഡിക്കറ്റ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത് സർവകലാശാലകളിൽ ഭരണപ്രതിസന്ധി സൃഷ്ടിക്കാനുള്ള ആർഎസ്എസ് അജൻഡയുടെ ഭാഗമാണെന്ന് സർവകലാശാലാ ജീവനക്കാരുടെ കോൺഫെഡറേഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ആർഎസ്എസ് കാര്യാലയത്തിൽനിന്നുള്ള നിർദേശങ്ങൾക്ക് അനുസരിച്ചാണ് ചുമതലയേറ്റ ദിവസംമുതൽ വിസിയുടെ പ്രവർത്തനം. ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിൽനിന്ന് പണം അപഹരിച്ചതിൽ അന്വേഷണറിപ്പോർട്ട് ചർച്ചയ്‌ക്കെടുക്കാനാകില്ലെന്ന വൈസ് ചാൻസലറുടെ ധിക്കാരമാണ് ഇറങ്ങിപ്പോക്കിലേക്ക് നയിച്ചത്. ഹൈക്കോടതി നിർദേശപ്രകാരമാണ് റിപ്പോർട്ട് സിൻഡിക്കറ്റ് യോഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നത്.
അഴിമതിക്ക് കൂട്ടുനിന്ന് തരംതാണ രാഷ്ട്രീയക്കളിക്കുള്ള വിസിയുടെ ശ്രമം സർവകലാശാലയെ ഭരണത്തകർച്ചയിലേക്ക് എത്തിക്കും. ഏറെ കാലങ്ങൾക്കുശേഷം കൂടിയ സിൻഡിക്കറ്റ് യോഗത്തിൽ വിവിധ അക്കാദമിക് വിഷയങ്ങൾ, ക്യാമ്പസ് നിർമാണം, ജീവനക്കാരുടെയും അധ്യാപകരുടെയും സർവീസ് വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഇതൊന്നും മാനിക്കാതെയാണ് വിസി ഇറങ്ങിപ്പോയത്.
സർവകലാശാലയിൽ ഏകാധിപത്യഭരണം അടിച്ചേൽപ്പിക്കാനുള്ള ആർഎസ്എസ് തീരുമാനമാണ് വിസി നടപ്പാക്കുന്നത്. നിയമപരമായി പ്രവർത്തിക്കാൻ താൽക്കാലിക വിസി തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരും. കെടിയുവിൽ നടന്നുവരുന്ന സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ വാർത്താക്കുറിപ്പിൽ പറഞ്ഞു.
Related News

0 comments