ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാന നേട്ടവുമായി കെഎസ്ആർടിസി; നേടിയത് 9.72 കോടി രൂപ

തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം. സെപ്തംബർ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ ₹10.19 കോടി കെഎസ്ആർടിസി നേടിയത്. ഡിസംബർ ഒന്നിന് രണ്ടാമത്തെ ഉയർന്ന കളക്ഷനായ ₹9.72 കോടിയും നേടാനായി. ടിക്കറ്റിതര വരുമാനം 77.9 ലക്ഷം രൂപ ഉൾപ്പെടെ 10.5 കോടി രൂപയാണ് ആകെ നേടാനായത്.
കഴിഞ്ഞ വർഷം ഇതേ ദിവസം 7.79 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കെഎസ്ആർടിസി നടപ്പിലാക്കിയ കാലോചിതമായ പരിഷ്കരണ പദ്ധതികളും ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളുമാണ് തുടർച്ചയായി മികച്ച വരുമാനം നേടാൻ കെഎസ്ആർടിസിക്ക് സഹായകരമായത്.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് 35 ഡിപ്പോകൾക്ക് നേടാനായതും മികച്ച വരുമാനം നേടുന്നതിന് കാരണമായി. പുതിയ ബസുകളുടെ വരവും, ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്.
കെഎസ്ആർടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും,കെഎസ്ആർടിസിയോട് വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ ഓരോരുത്തരോടും കെഎസ്ആർടിസിയുടെ പേരിൽ നന്ദി അറിയിക്കുന്നതായി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അഭിപ്രായപ്പെട്ടു.








0 comments