നവമിയെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും
കോട്ടയം മെഡിക്കൽ കോളേജ് ; ശസ്‌ത്രക്രിയ ഇന്നുമുതൽ , പുതിയ ബ്ലോക്കിൽ എംആർഐയും സജ്ജം

കോട്ടയം
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒഴിപ്പിച്ച ബ്ലോക്കിലെ ശസ്‌ത്രക്രിയകൾ തിങ്കൾ മുതൽ പുതിയ ഓപറേഷൻ തിയറ്ററുകളിൽ നടക്കും. അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന ബ്ലോക്കിലെ രണ്ട് തിയറ്ററും രണ്ട് ട്രോമ തിയറ്ററുമാണ് ഇതിനായി ഉപയോഗിക്കുക. ഓപറേഷൻ തിയറ്റർ മാനേജ്‌മെന്റ് കമ്മിറ്റി ഇതിനാവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കി.
ഉപയോഗശൂന്യമായ ശുചിമുറി ഇടിഞ്ഞുവീണതിനെത്തുടർന്ന് എല്ലാ രോഗികളെയും പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. കെട്ടിടത്തിന്റെ ഭൂഗർഭ നിലകളിലെ ഏറ്റവും താഴത്തേതിൽ എക്‌സ്‌റേ വിഭാഗം സജ്ജമായി. ഈ നിലയിൽ 15 കോടി രൂപ വിലയുള്ള ത്രീ ടെസ്‌ല എംആർഐ യന്ത്രം സ്ഥാപിച്ചു. രണ്ട് കോടി രൂപയുടെ ഡിആർ മെഷീനും അൾട്രാസൗണ്ട് മെഷീനും പ്രവർത്തനക്ഷമമായി. എക്‌സ്‌റേ വിഭാഗം ഇതോടെ പൂർണസജ്ജമായി. ഫ്ലൂറോസ്‌കോപ്പി യന്ത്രം, 256 സ്ലൈസ് സിടി സ്‌കാൻ എന്നിവ ഉടനെത്തും.
സ്‌റ്റെറിലൈസേഷന് സഹായിച്ച് മറ്റാശുപത്രികൾ
പുതിയ സർജിക്കൽ ബ്ലോക്കിലെ ഉപകരണങ്ങൾ സ്‌റ്റെറിലൈസ് ചെയ്യുന്നത് കുട്ടികളുടെ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, മെഡിക്കൽ കോളേജിലെ തന്നെ കാർഡിയോളജി, ഗൈനക് വിഭാഗങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ്. വൃത്തിയാക്കി, പായ്‌ക്ക് ചെയ്‌ത് ലഭിക്കുന്ന ഉപകരണങ്ങൾ ഇവിടെ സ്‌റ്റെറിലൈസ് ചെയ്‌ത് തിരിച്ചയയ്‌ക്കും.
എട്ട് നിലയുള്ള സർജിക്കൽ ബ്ലോക്കിൽ ഇനിയും തുറക്കാത്ത ഭാഗങ്ങളും ഓരോന്നായി സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. അഞ്ചാം നിലയിൽ രണ്ട് സർജിക്കൽ ഐസിയു ഒരുങ്ങി.
വിശ്രമമില്ലാതെ ആശുപത്രി സൂപ്രണ്ട്
എല്ലാം പരാതിരഹിതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കി ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ. ശനിയാഴ്‌ച അർധരാത്രിവരെ ജോലിചെയ്‌ത് മടങ്ങിയെങ്കിലും അടിന്തരമായി കോൾ വന്നപ്പോൾ വീണ്ടും ആശുപത്രിയിലെത്തി. പുലർച്ചെ നാല് വരെ ആ തിരക്ക് തുടർന്നു. പിന്നീട് ഉറങ്ങിയ ശേഷം രാവിലെ ഏഴിന് വീണ്ടും ജോലിക്ക് കയറി.
പുതിയ സർജിക്കൽ ബ്ലോക്കിൽ എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കുന്നതിലാണ് സൂപ്രണ്ടിന്റെ ശ്രദ്ധ്ര ഏറെയും. ഇതിനാവശ്യമായ നിർദേശങ്ങൾ അപ്പപ്പോൾ നൽകുന്നുണ്ട്. ഊണും ഉറക്കവുമില്ലാതെ മണിക്കൂറുകൾ നീളുന്ന സങ്കീർണ ശസ്‌ത്രക്രിയകൾ കൈകാര്യം ചെയ്‌ത് ശീലമുള്ള ഡോ. ജയകുമാർ ഇത് പതിവ് സൗമ്യതയോടെതന്നെ കൈകാര്യം ചെയ്യുന്നു.
നവമിയെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപയോഗശൂന്യമായ ശുചിമുറി ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ച ഡി ബിന്ദുവിന്റെ മകൾ നവമിയുടെ തുടർചികിത്സ തിങ്കളാഴ്‌ച ആരംഭിക്കും. രാവിലെ എട്ടിന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. മകൾക്ക് കൂട്ടിരിക്കാൻ വന്നപ്പോഴാണ് ബിന്ദു അപകടത്തിൽ മരിച്ചത്. നിലവിൽ തലയോലപ്പറമ്പിലെ വീടിന് തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ കഴിയുന്ന നവമിക്ക് കൗൺസിലിങ് നൽകിയിരുന്നു. നവമിക്ക് കഴുത്തിനും നട്ടെല്ലിനും ശസ്‌ത്രക്രിയ നടത്തും. കുട്ടിയുടെ തുടർചികിത്സയുടെ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
0 comments