കെ ഫോൺ കണക്‌ഷൻ ; ബിപിഎൽ കുടുംബങ്ങൾക്ക് നേരിട്ട് അപേക്ഷിക്കാൻ ഓൺലൈൻ സംവിധാനം


മിൽജിത് രവീന്ദ്രൻ
Published on Feb 26, 2025, 02:12 AM | 1 min read
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ കണക്‌ഷനായി ബിപിഎൽ കുടുംബങ്ങൾക്ക് ഓൺലൈനായി അപേക്ഷിക്കാൻ സൗകര്യമൊരുക്കും. മുഴുവൻ ബിപിഎൽ കുടുംബങ്ങൾക്കും അതിവേഗം ഇന്റർനെറ്റ് കണക്‌ഷൻ നൽകലാണ് ലക്ഷ്യം. നിലവിൽ ഈ വിഭാഗത്തിൽ 5236 കുടുംബങ്ങൾക്ക് കണക്ഷൻ നൽകി.
ഉപഭോക്താക്കളുടെ വിവരങ്ങളുടെ അപൂർണത മൂലം ഉദ്ദേശിച്ചത്ര കണക്‌ഷൻ നൽകാൻ സാധിച്ചിരുന്നില്ല. ഇതിനു പരിഹാരമായാണ് സ്വയം വിവരങ്ങൾ നൽകി കണക്ഷന് ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. വാട്‌സ്ആപ്പ് നമ്പർ വഴിയും വെബ്‌സൈറ്റ് ലിങ്ക് വഴിയും അപേക്ഷ സ്വീകരിക്കുന്നതാണ് പരിഗണിക്കുന്നത്. റേഷൻ കാർഡ് ഉടമയുടെ പേരിൽ നൽകുന്ന അപേക്ഷയിൽ കണക്ഷൻ ആവശ്യമുള്ള സ്ഥലം മാപ്പിൽ മാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. നിലവിൽ കെ ഫോൺ സേവനങ്ങൾ ലഭ്യമായ പ്രദേശങ്ങൾക്ക് മുൻഗണനയുണ്ടാകും.
31,153 കിലോ മീറ്ററിൽ ഫൈബർ ഒപ്റ്റിക് കേബിൾ പൂർത്തീകരിച്ച് കെ ഫോൺ നിലവിൽ പൂർണസജ്ജമാണ്. ഐഎസ്‌പി ലൈസൻസും ഐപി ഇൻഫ്രാസ്ട്രക്ചർ ലൈസൻസും എൻഎൽഡി (നാഷണൽ ലോങ്ങ് ഡിസ്റ്റൻസ്സ്) ലൈസൻസും കെ ഫോണിന് സ്വന്തമാണ്. 30,438 സർക്കാർ സ്ഥാപനങ്ങളിൽ കണക്ടിവിറ്റി സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 24,080 സർക്കാർ ഓഫീസുകളിൽ കെഫോൺ കണക്ഷൻ ഉപയോഗിക്കുന്നുണ്ട്. 49,773 വാണിജ്യ കണക്‌ഷനുകളും നൽകി.
0 comments