കേരളത്തിന്റെ തടഞ്ഞുവച്ച വിദ്യാഭ്യാസ ഫണ്ടുകൾ ഉടൻ നൽകണം: പി സന്തോഷ്‌ കുമാർ എംപി

sandosh kumar p cpi mp
വെബ് ഡെസ്ക്

Published on Mar 13, 2025, 12:13 PM | 1 min read

ന്യൂഡൽഹി: കേരളത്തിന്‌ നൽകാതെ തടഞ്ഞു വച്ചിരിക്കുന്ന ഫണ്ടുകൾ ഉടനെ നൽകാനും ഫെഡറൽ വിരുദ്ധമായ പുതിയ വിദ്യാഭ്യാസ നയം പിൻവലിക്കാനും കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പി സന്തോഷ്‌ കുമാർ എംപി. പുതിയ വിദ്യാഭ്യാസ നയം ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും ഇന്ത്യൻ ഭരണഘടനയുടെ 246 അനുച്ഛേദനം പ്രകാരം വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽപെടുന്ന വിഷയമാണ് എന്ന വസ്തുത ബിജെപി സർക്കാർ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ സംബന്ധിക്കുന്ന ചർച്ചയിലാണ് എംപി ഇക്കാര്യം വ്യക്തമാക്കിയത്.


പല പദ്ധതികളുടെയും ഫണ്ട് കേരളത്തിന് നൽകാൻ കേന്ദ്ര സർക്കാർ വിസമ്മതിക്കുന്നു. പിഎം ശ്രീ പദ്ധതിയുടെ ധാരണ പത്രം ഒപ്പ് വയ്ക്കാത്തതിന്റെ പേരിൽ ഏകദേശം 517 കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ 40 ശതമാനം ചിലവ് വഹിക്കേണ്ടി വരുന്ന ഈ പദ്ധതിയുടെ ധാരണ പത്രം പ്രകാരം മോദിയുടെ ചിത്രം വയ്ക്കണം ബോർഡ് വയ്ക്കണം എന്നെല്ലാമുള്ള അപമാനകരമായ നിബന്ധനകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. സംസ്ഥാന സർക്കാർ സാമ്പത്തിക ബാധ്യതയ്ക്കൊപ്പം ഈ അപമാനവും സഹിക്കണോ എന്ന് അദ്ദേഹം ചോദിച്ചു.


സൗന്ദര്യമുള്ള ഭാഷയാണ് ഹിന്ദിയെങ്കിലും അത് അടിച്ചേല്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്നും സന്തോഷ് കുമാർ വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനാ പ്രകാരം പ്രാദേശിക ഭാഷകൾ എന്ന ആശയമേ ഇല്ല. മലയാളവും ഹിന്ദിയും തമിഴുമെല്ലാം തന്നെ ഔദ്യോദിക ഭാഷകളാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ഒരു കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കണമെന്നും കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ച മുപ്പത് സ്കിൽ ഇന്ത്യ ഇന്റർനാഷനൽ സെന്ററുകളിൽ ഒന്ന് കേരളത്തിലും സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



deshabhimani section

Related News

0 comments
Sort by

Home