കേരളത്തിൽ മഴ തുടരും; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഇന്ന് നിലവിൽ മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നാളത്തേക്ക് (ഡിസംബർ 3) നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുകളുള്ളത്. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് പ്രവചനം.
അതേസമയം, ദിത്വാ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിൽ കനത്ത നാശനഷ്ടങ്ങളും ദുരിതവും തുടരുകയാണ്. അവിടെ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി 390ൽ അധികം ആളുകൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. 350ലേറെ പേരെ കാണാതായിട്ടുമുണ്ട്.
ദിത്വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്ര ന്യൂനമർദം തമിഴ്‌നാട്ടിൽ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെന്നൈ, തിരുവള്ളൂർ എന്നിവിടങ്ങളിൽ പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.







0 comments