റാങ്ക് പട്ടികകളുടെ കാലാവധി നീട്ടൽ
print edition തുല്യനീതി തകരുമെന്ന് ആശങ്ക

തിരുവനന്തപുരം : യുഡിഎഫ് കാലത്ത് പതിവായിരുന്ന നിയമന നിരോധനവും റാങ്ക് പട്ടികകളുടെ കാലാവധി നീട്ടലും ആവർത്തിക്കുമോയെന്ന ആശങ്കയിൽ ഉദ്യോഗാർഥികൾ. ആഗസ്‌ത് 31 നുള്ളിൽ കാലാവധി അവസാനിക്കുന്ന, സബ് ഇൻസ്പെക്ടർ ഉൾപ്പെടെ എല്ലാ പിഎസ്‌സി റാങ്ക് പട്ടികകളുടെയും കാലാവധി മൂന്ന് മാസം നീട്ടാൻ തീരുമാനിച്ചത് ഇതിന്റെ തുടക്കമാണോ എന്നാണ് സംശയം. നിലവിലെ റാങ്ക് പട്ടികയിലുള്ളവർക്ക് ഇത് ആശ്വാസം പകരുമെങ്കിലും പുറത്തു നിൽക്കുന്നവരുടെ അവസരം നഷ്ടമാക്കും.
വർഷം ഏകദേശം ശരാശരി ഒരു കോടിയാളുകളാണ് പിഎസ്‌സി പരീക്ഷ എഴുതുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതിനാലാണ്‌പട്ടിക നീട്ടിയതെന്നാണ് വിശദീകരണം. ഇത് തുടർന്നാൽ പിഎസ്‌സിയുടെ തുല്യനീതി നിയമന സംവിധാനം അട്ടിമറിക്കപ്പെടും. കാലാവധി അവസാനിച്ച് അടുത്തദിവസം പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നടത്തുന്ന രീതി തകിടം മറിയും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിയമനം നടക്കാതെ വന്നപ്പോൾ പട്ടിക നീട്ടിയിരുന്നു. ഇത് ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയ സാഹചര്യമുണ്ടായി. അർഹരായവർക്കെല്ലാം സർക്കാർ ജോലി ലഭിക്കാൻ അവകാശമുണ്ടെങ്കിലും റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാത്രമായി ഈ അവകാശത്തെ ചുരുക്കാനാകില്ല.
ജോലിക്കായി ലക്ഷക്കണക്കിനുപേർ കാത്തിരിക്കുകയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമനം നടക്കാതിരുന്ന പല തസ്‌തികകളിലും സാങ്കേതിക, നിയമക്കുരുക്കുകൾ അഴിച്ചത് എൽഡിഎഫ് സർക്കാരാണ്. 10 വർഷത്തിനിടെ 3,15,512 പേർക്കാണ് പിഎസ്‍സി വഴി നിയമന ശുപാർശ നൽകിയത്. മറ്റിടങ്ങളിൽ സ്ഥിരം തസ്തിക വെട്ടിക്കുറച്ച് താൽക്കാലിക നിയമനം നടത്തുമ്പോഴാണ് കേരള പിഎസ്‍സിയിൽ വർഷം മുപ്പതിനായിരത്തിലേറെ നിയമനം നടത്തുന്നത്.










0 comments