ലഹരി മാഫിയക്കെതിരെയുള്ള പൊലീസ് നടപടി ശക്തമാക്കും: മുഖ്യമന്ത്രി

കേരള പൊലീസിന്റെ ഭാഗമായി 
118 സബ് ഇൻസ്പെക്ടർമാർ

kerala police passing out parade
വെബ് ഡെസ്ക്

Published on Mar 17, 2025, 01:21 AM | 1 min read


തൃശൂർ : കേരള പൊലീസിൽ 15 വനിതകൾ ഉൾപ്പെടെ 118 സബ് ഇൻസ്പെക്ടർമാർ കൂടി. രാമവർമപുരത്തെ മുഖ്യപരേഡ് ഗ്രൗണ്ടിൽ 31 ബി ബാച്ചിലെ സബ് ഇൻസ്പെക്ടർ പരിശീലനാർഥികളുടെ പാസിങ്‌ ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട്‌ സ്വീകരിച്ചു. സംസ്ഥാന പൊലീസ്‌ മേധാവി ഡോ. ഷെയ്ക് ദർവേഷ് സാഹെബ്, പൊലീസ്‌ അക്കാദമി ഡയറക്ടർ കെ സേതുരാമൻ എന്നിവരും സല്യൂട്ട്‌ സ്വീകരിച്ചു. പരേഡിൽ ബിബിൻ ജോൺ ബാബുജി കമാൻഡറും വർഷ മധു രണ്ടാം കമാൻഡറുമായി.


പരിശീലനത്തിൽ മികവ്‌ കാട്ടിയ ടി എസ്‌ ശ്രുതി (മികച്ച ഇൻഡോർ), വർഷ മധു (മികച്ച ഔട്ട്‌ഡോർ), മിജോ ജോസ്‌ (മികച്ച ഷൂട്ടർ), ബിബിൻ ജോൺ ബാബുജി (മികച്ച ഓൾറൗണ്ടർ) എന്നിവർക്ക്‌ മുഖ്യമന്ത്രി ട്രോഫി സമ്മാനിച്ചു. പി ബാലചന്ദ്രൻ എംഎൽഎ, മേയർ എം കെ വർഗീസ്‌ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം (19), കൊല്ലം (18), തൃശൂർ (14), കോഴിക്കോട് (13), കണ്ണൂർ (10), മലപ്പുറം, പാലക്കാട് (ഒമ്പതുവീതം), കോട്ടയം (8), ആലപ്പുഴ, കാസർകോട്‌ (നാല് വീതം), ഇടുക്കി, എറണാകുളം, പത്തനംതിട്ട (മൂന്ന് വീതം), വയനാട് (ഒന്ന്‌) ജില്ലകളിൽ നിന്നുള്ളവരാണ്‌ പരിശീലനം പൂർത്തിയാക്കിയത്. 55 പേർ ബിരുദധാരികളും 18 ബിരുദാനന്തര ബിരുദധാരികളും മൂന്നുപേർ വീതം എംബിഎ, എംടെക്കുകാരും 39 പേർ ബിടെക്കുകാരുമാണ്‌.


ലഹരി മാഫിയക്കെതിരെയുള്ള പൊലീസ് നടപടി ശക്തമാക്കും: മുഖ്യമന്ത്രി

നാടിനെ പിടികൂടാൻ ശ്രമിക്കുന്ന ലഹരി മാഫിയക്കെതിരെയുള്ള പൊലീസിന്റെ പ്രവർത്തനം ശക്തമാക്കുമെന്നും അതിന് ശക്തിപകരാൻ പുതിയ സേനാംഗങ്ങൾക്കാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ സബ് ഇൻസ്‌പെക്ടർമാരുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


അടുത്തകാലത്തായി ലഹരി മാഫിയ പ്രായവ്യത്യാസമില്ലാതെ പിടികൂടുന്നു. പ്രായപൂർത്തിയാകാത്തവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനെതിരെ പൊലീസിനൊപ്പം എക്‌സൈസും ഫലപ്രദമായി ഇടപെടുന്നുണ്ട്. സൈബർ കുറ്റങ്ങൾ പെരുകിയ കാലമാണിത്. ഇത്തരക്കാരെ കണ്ടത്തുന്നതിൽ അഭിനന്ദനം ഏറ്റുവാങ്ങിയവരാണ് കേരള പൊലീസ്. കൂട്ടായ്മയാണ് സേനയുടെ കരുത്ത്. ഇത് ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home