സുഹൃത്ത് മുങ്ങി: ബംഗളുരുവിലെ മലയാളി യുവാവിന്റെ മരണത്തിൽ സംശയം; പരാതി നൽകി കുടുംബം

തൊടുപുഴ: തലയ്‍ക്ക് പരിക്കേറ്റ് ബംഗളുരുവിൽ ചികിത്സയിലിരിക്കെ മരിച്ച തൊടുപുഴ ചിറ്റൂർ സ്വദേശി ലിബിൻ ബേബി (32)യുടെ മരണത്തിൽ സുഹൃത്തിനെതിരെ പരാതിപ്പെട്ട് കുടുംബം. ആറ് വർഷമായി ബംഗളുരുവിലെ ജോബ് കൺസൾട്ടൻസിയിൽ ജോലിചെയ്യുകയാണ് പുത്തൻപുരയിൽ ബേബിയുടെയും മേരിക്കുട്ടിയുടെയും മകൻ ലിബിൻ ബേബി. ഒപ്പം താമസച്ചിരുന്ന സുഹൃത്തിന്റെ മർദ്ദനമേറ്റാണെന്ന് ആരോപിച്ച് കുടുംബം ബെംഗളുരു പൊലീസിൽ പരാതി നൽകി.
മലയാളികളായ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഒരു മുറിയിലായിരുന്നു താമസം. കഴിഞ്ഞ ശനിയാഴ്‍ചയാണ് ലിബിൻ കുളിമുറിയിൽ തെന്നിവീണ് പരിക്കേറ്റെന്ന് സുഹൃത്തുക്കൾ ലിബിന്റെ കുടുംബത്തെ അറിയിക്കുന്നത്. കുടുംബാംഗങ്ങൾ ബംഗളുരുവിൽ എത്തിയപ്പോഴാണ് തലയ്‍ക്ക് പരിക്കേറ്റ ലിബിൻ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് അറിയുന്നത്.
തുടർന്ന് ഡോക്ടർമാരുമായി സംസാരിച്ചപ്പോഴാണ് പരിക്ക് വീഴ്ചയിൽ ഉണ്ടായതല്ലെന്ന് മനസിലായത്. ഇതോടെ ലിബിനൊപ്പം ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ്ബംഗളുരുവിൽനിന്നും മുങ്ങി. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ബുധൻ രാത്രി ലിബിന്റെ മരണം സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം ലിബിന്റെ അവയവങ്ങൾ എട്ടുപേർക്ക് ദാനംചെയ്‍തു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വ്യാഴാഴ്ച നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. സഹോദരി ലിന്റു.
0 comments