കേരളം വളർന്നു, പോസിറ്റീവായി ; സാമ്പത്തിക അവലോകന റിപ്പോർട്ട്‌

kerala economy
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Feb 08, 2025, 02:13 AM | 1 min read


തിരുവനന്തപുരം : സമ്പദ്‌ വ്യവസ്ഥയുടെ എല്ലാ മേഖലയിലും കേരളം പോസിറ്റീവ്‌ വളർച്ച രേഖപ്പെടുത്തിയതായി സാമ്പത്തിക അവലോകന റിപ്പോർട്ട്‌. ഉയർന്ന ജിഎസ്‌ഡിപിയും പ്രതിശീർഷ വരുമാനവുമുള്ള, രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം.


സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഭൂരിഭാഗവും കേരളം കൈവരിച്ചു. ഉൽപ്പാദന മേഖലയിലും പശ്ചാത്തല സൗകര്യങ്ങളിലും വരുമാനം നൽകുന്ന സേവനമേഖലകളിലും ചെറുകിട, ഇടത്തരം ബിസിനസുകളിലും പ്രാദേശിക സർക്കാരുകളിലും നിക്ഷേപം വർധിച്ചതായും നിയമസഭയിൽവച്ച റിപ്പോർട്ടിൽ പറയുന്നു.


2023–--24ലും കേരള സമ്പദ്‌വ്യവസ്ഥ വളർച്ച രേഖപ്പെടുത്തി. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഎസ്‌ഡിപി) വാർഷിക വളർച്ചാനിരക്ക്‌ മുൻവർഷത്തെ 4.2 ശതമാനത്തിൽനിന്ന്‌ 6.5 ശതമാനമായി ഉയർന്നു. തനത്‌ റവന്യു വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് നാലു ശതമാനം വർധിച്ചു. തനത് നികുതി വരുമാനം 3.3 ശതമാനവും നികുതിയേതര വരുമാനം 8.1 ശതമാനവും വർധിച്ചു.


ചെലവ് 2022-–-23 ലെ നെഗറ്റീവ് വളർച്ചയെ (-2.7 ശതമാനം) അപേക്ഷിച്ച് 2023–--24ൽ 0.5 ശതമാനം പോസിറ്റീവ് വളർച്ച രേഖപ്പെടുത്തി. ദേശീയ ശരാശരിയെക്കാൾ 1.4 മടങ്ങ് കൂടുതലാണ് കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം.


എന്നാൽ കേന്ദ്രകൈമാറ്റം കുറഞ്ഞു. കേന്ദ്ര സർക്കാരിൽനിന്നുള്ള ഗ്രാന്റ് -ഇൻ -എയ്ഡിൽ 15,309.60 കോടിയുടെ (56 ശതമാനം) കുറവുണ്ടായി. മുൻവർഷം 27,377.86 കോടിയായിരുന്നത്‌ 12,068.26 കോടിയായി കുറഞ്ഞു. 2023-–-24-ൽ സംസ്ഥാനത്തിനുലഭിച്ച കേന്ദ്രവിഹിതം 33,811.18 കോടിയാണ്. മുൻവർഷം 45638.54 കോടിയായിരുന്നു.


സർക്കാരിന്റെ പദ്ധതിച്ചെലവിൽ മുൻവർഷത്തേക്കാൾ 1,560.53 കോടിയുടെ വർധനയുണ്ടായി. 32,749.98 കോടിയായിരുന്നത് 34,310.51 കോടിയായി. 1,41,950.94 കോടിയായിരുന്ന റവന്യു ചെലവ് 142626.34 കോടിയായി.


ജനക്ഷേമത്തിൽ വിട്ടുവീഴ്‌ച ചെയ്യാതെ, വരുമാനം വർധിപ്പിച്ചതിലൂടെയും ചെലവ് യുക്തിസഹമാക്കുന്നതിലൂടെയും സാമ്പത്തിക ഏകീകരണത്തിലൂടെയുമുള്ള ഇടപെടലുകളാണ് സാമ്പത്തിക ഭദ്രതയ്‌ക്ക്‌ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.



deshabhimani section

Related News

0 comments
Sort by

Home