2010 ലാണ് കാണാതാവുന്നത്
ആദിവാസി പെൺകുട്ടിയുടെ കൊലപാതകം : പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയില്‍

രാജപുരം (കാസർകോട്): എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി പെൺകുട്ടിയുടെ കൊലപാതകക്കേസിൽ പ്രതിയെ 15 വർഷങ്ങള്‍ക്കുശേഷം പിടികൂടി. നേരത്തെ തന്നെ പ്രതിയെന്ന് സംശയിച്ചിരുന്ന പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ബിജു പൗലോസിനെ ക്രൈംബ്രാഞ്ച് ഐജി പി പ്രകാശിന്റെ നിർദേശത്തെ തുടർന്ന് എസ്പി പ്രജീഷ് തോട്ടത്തിൽ, ഡിവൈഎസ്പി മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
2010 ജൂൺ ആറിനാണ് കാഞ്ഞങ്ങാട് നഗരത്തിൽ ടീച്ചേഴ്‌സ് ട്രെയിനിങ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ കാണാതാകുന്നത്. ബിജു പൗലോസ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് പെൺകുട്ടിയുടെ അച്ഛൻ രാമൻ 2011 ജനുവരി 19ന് അമ്പലത്തറ പൊലീസിൽ പരാതിയും നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ കണ്ടെത്താനായില്ല.
അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും കാണിച്ച് 2021ൽ കുടുംബം ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തു. തുടർന്ന് കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽകുമാറിനായിരുന്നു ചുമതല.
പെൺകുട്ടിയെ കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്ന് പ്രതിസ്ഥാനത്തുള്ള ബിജു പൗലോസ് നൽകിയ മൊഴി മാത്രമാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന് തെളിവുകളോ സാക്ഷികളോ ഇല്ല. അതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യാനും സാധിച്ചില്ലെന്ന് അന്വേഷകസംഘം ആദ്യഘട്ടത്തിൽ കോടതിയെ അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുള്ള ഘട്ടങ്ങളിലെല്ലാം പ്രതി ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പ്രതി രാജ്യം വിടാതിരിക്കാൻ പാസ്‌പോർട്ട് അന്വേഷകസംഘം കസ്റ്റഡിയിലെടുത്തിരുന്നു.
അന്വേഷണം തൃപ്തികരമെല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് 2024ൽ ഡിസംബറിൽ കുടുംബം വീണ്ടും കോടതിയിൽ പരാതി നൽകി. തുടർന്നാണ് കോടതി അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ച് ഉത്തരവിട്ടത്.
0 comments