ബാബറി മസ്‌ജിദ് തകർത്തത് ‘രാമൻ’ പോലും സഹിക്കില്ല, അന്ന് രാത്രിയാണ് വാത്സല്യത്തിലെ പാട്ടെഴുതുന്നത്: കൈതപ്രം

Video Grabbed Image
മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയ്‌താവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. 1980കൾ മുതൽ ചലച്ചിത്ര ലോകത്ത് സജീവമായ അദ്ദേഹം മനോഹരമായ നിരവധി ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഗാനമാണ് കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത്, മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വാത്സല്യം എന്ന ചിത്രത്തിലെ ‘അലയും കാറ്റിൻ ഹൃദയം’. ഈ ഗാനം എങ്ങനയാണ് രൂപപ്പെട്ടത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ കൈതപ്രം. ബാബറി മസ്‌ജിദ് പൊളിച്ച അന്നായിരുന്നു ആ പാട്ടെഴുതിയത് എന്ന് കൈതപ്രം മാതൃഭൂമി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
വാത്സല്യത്തിലെ അലയും കാറ്റിൻ ഹൃദയം എന്ന് തുടങ്ങുന്ന ഗാനം ബാബറി മസ്‌ജിദ് പൊളിച്ച അന്നായിരുന്നു എഴുതിയതെന്നും വളരെ വിഷമം തോന്നിയ ദിവസമായിരുന്നു അതെന്നും കൈതപ്രം പറയുന്നു. രാമന് പോലും സഹിക്കാൻ പറ്റാത്ത ഒരു കാര്യമായിട്ടാണ് തനിക്കത് തോന്നിയതെന്നും അഭിമുഖത്തിൽ കൈതപ്രം കൂട്ടിച്ചേർത്തു.
കെെതപ്രത്തിന്റെ വാക്കുകൾ
‘വാത്സല്യം സീതാരാമൻമാരുടെ കഥയാണ്. രാമനാണ് ഏട്ടൻ. പിന്നെ അത് മാത്രമല്ല ആ പാട്ട് എഴുതുന്ന ദിവസം എനിക്ക് വേറൊരു ഫീൽ കൂടി ഉണ്ടായിരുന്നു. ആ ദിവസമാണ് ബാബറി മസ്‌ജിദ് പൊളിക്കുന്നത്. അപ്പോഴാ പാട്ടിൽ ‘രാമായണം കേൾക്കാതെയായി പൊൻമൈനകൾ മിണ്ടാതെയായി’ എന്ന വരികൾ അറിയാതെ വന്നു. ആ വിഷയം പെട്ടന്ന് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സങ്കടമായിപ്പോയി. എന്തൊക്കെ ന്യായം പറഞ്ഞാലും അത് രാമന് പോലും സഹിക്കാൻ പറ്റാത്തതാണ് എന്ന തോന്നലാണ് എനിക്കുണ്ടായത്. ഞാനതിൽ രാഷ്‌ട്രീയമായെന്നും പറയുന്നില്ല. എനിക്ക് പേഴ്‌സണലായി തോന്നിയ ഒരു കാര്യം. ബാബറി മസ്‌ജിദ് പൊളിച്ച അന്ന് രാത്രിയാണ് ആ പാട്ടെഴുതുന്നത്.’– കൈതപ്രം പറഞ്ഞു.
0 comments