ജാതീയത ഇന്നും സമൂഹത്തിൽ പതിയിരിക്കുന്നു ; കെ രാധാകൃഷ്‌ണന്റെ ‘ഉയരാം ഒത്തുചേർന്ന് ’ പുസ്‌തകം നാളെ പ്രകാശിപ്പിക്കും


മിൽജിത് രവീന്ദ്രൻ
Published on Jan 09, 2025, 01:36 AM | 1 min read
തിരുവനന്തപുരം
ജാതിമത മേൽക്കോയ്‌മാ പ്രവണതകളെ ചെറുക്കാൻ ശക്തമായ മതേതര നിലപാടുകളിൽ ഊന്നിയ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിഅംഗം കെ രാധാകൃഷ്‌ണൻ എംപി. നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ വെള്ളിയാഴ്‌ച പ്രകാശിപ്പിക്കുന്ന ‘ ഉയരാം ഒത്തുചേർന്ന് ’ എന്ന പുതിയ പുസ്‌തകത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ജാതിചിന്തകളുടെ കനലുകൾ ഇപ്പോഴും ചാരത്തിൽ പുതഞ്ഞ് സമൂഹത്തിൽ കിടപ്പുണ്ട് എന്നതിന്റെ സൂചനയാണ് മന്ത്രിയായിരിക്കെ പയ്യന്നൂരിൽ താൻ നേരിട്ടതെന്നും അദ്ദേഹം എഴുതുന്നു.
പട്ടികജാതി–- പട്ടികവർഗ–- പിന്നാക്ക വിഭാഗക്കാരായ ഒട്ടനവധി പേരെയാണ് എൽഡിഎഫ് സർക്കാർ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിച്ചത്. കോളനികൾ എന്ന വിളിപ്പേര് ഒഴിവാക്കാനായതിൽ സന്തോഷമുണ്ടെന്നും പുസ്‌തകത്തിൽ പറയുന്നു. ഈ പേര് സർക്കാർ ഇടപെട്ട് 2024 ജൂണിലാണ് ഒഴിവാക്കിയത്.
ശബരിമല തീർഥാടന വേളയിൽ തെറ്റായ പ്രചാരണം ഉണ്ടായി. തീർഥാടകരെ നിയന്ത്രിച്ച് തിരക്കുകുറച്ച് കയറ്റിവിടുന്ന ചിത്രങ്ങൾ പൊലീസ് മർദിക്കുന്നതായി ഇതരസംസ്ഥാനങ്ങളിൽ പ്രചരിപ്പിച്ചു. ബസിൽനിന്നിറങ്ങി കടയിൽ കയറിയ അച്ഛനെ കാണാതെ കരഞ്ഞ കുട്ടിയുടെ ചിത്രം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചകാര്യവും പുസ്‌തകത്തിലുണ്ട്.
ഇ എം എസിനൊപ്പമുള്ള അനുഭവം, ഡോ. ബി ആർ അംബേദ്‌കർ, അയ്യൻകാളി, അയ്യാ വൈകുണ്ഠസ്വാമി തുടങ്ങിയ നവോത്ഥാന നായകരെക്കുറിച്ചുള്ള കുറിപ്പുകൾ, കേരളത്തിലെ ഇടതുപക്ഷ സർക്കാരുകളുടെ നേട്ടങ്ങൾ എന്നിവയും കെ രാധാകൃഷ്‌ണൻ പുസ്‌തകത്തിൽ വിശദമാക്കുന്നു. ടുഡേ ബുക്‌സാണ് പ്രസാധകർ.
0 comments