ഇറ്റ്‌ഫോക് ഫെബ്രുവരി 23 മുതൽ

തൃശൂർ
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്) ഫെബ്രുവരി 23 മുതൽ മാർച്ച് രണ്ട് വരെ നടക്കുമെന്ന് അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘സംസ്‌കാരങ്ങളുടെ അതിജീവനം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ നാടകോത്സവം. റഷ്യ, ഹംഗറി, ഈജിപ്‌ത്, ഇറാഖ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നടക്കം 15 അന്താരാഷ്‌ട്ര നാടകങ്ങളാണുണ്ടാകും.
മൂന്ന് മലയാളമുൾപ്പടെ പത്ത് ഇന്ത്യൻ നാടകങ്ങളും ഉണ്ടാകും. നെയ്‌ത്ത്, ഭൂതങ്ങൾ, ആറാമത്തെ വിരൽ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട മലയാള നാടകങ്ങൾ. മണിപ്പൂർ, ഡൽഹി, കർണാടകം, അസം, മഹാരാഷ്‌ട്ര എന്നിവടങ്ങളിൽനിന്നുള്ള നാടകങ്ങളുമുണ്ട്. പ്രൊഫ. ബി അനന്തകൃഷ്ണനാണ് ഫെസ്റ്റിവൽ ഡയറക്ടർ.
കെ ടി മുഹമ്മദ് തിയറ്റർ, നടൻ മുരളി തിയറ്റർ, തോപ്പിൽഭാസി നാട്യഗൃഹം, അക്കാദമി ക്യാമ്പസ്, രാമനിലയം എന്നീ വേദികളിലാണ് ഇറ്റ്‌ഫോക് സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്രനാടകോത്സവത്തിന് മുന്നോടിയായി ഫെബ്രുവരി 16 മുതൽ 21 വരെ സംസ്ഥാന അമേച്വർ നാടകമത്സരം സംഗീത നാടകഅക്കാദമി റീജിയണൽ തീയറ്ററിൽ നടക്കും.
വാർത്താസമ്മേളനത്തിൽ അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, പ്രൊഫ. ബി അനന്തകൃഷ്ണൻ, ഇറ്റ്‌ഫോക് കോ–-ഓർഡിനേറ്റർ ടി കെ അബ്ദുൾ ജലീൽ, പ്രോഗ്രാം ഓഫീസർ വി കെ അനിൽകുമാർ എന്നിവരും പങ്കെടുത്തു.
Related News

0 comments