നവകേരളത്തിന് "പ്രൊഫഷണൽ ടച്ച്'

തിരുവനന്തപുരം: നവകേരളത്തെ "പ്രൊഫഷണൽ ടച്ചിൽ ' മുന്നോട്ട് നയിക്കാൻ ശാസ്ത്ര, സാങ്കേതിക മേഖലകളിലെ വിദഗ്‌ധരുമായി സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലാണ് "പ്രൊഫഷണൽ കണക്ട് 2025 ' എന്ന പേരിൽ മുഖാമുഖം സംഘടിപ്പിച്ചത്. ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ സ്വാംശീകരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സ്റ്റാർട്ടപ്പ് രംഗത്ത് വ്യവസായ ലോകത്തുനിന്നുള്ള മെന്റർമാരുടെ സേവനം കാര്യക്ഷമമാക്കണമെന്ന നിർദേശം സ്വാഗതാർഹമാണ്. വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് നൽകുന്ന സ്ഥാപനങ്ങളുമായുള്ള സഹകരണം വിപുലമാക്കും.
വ്യവസായ മേഖലയുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ കോഴ്‌സുകൾ, തൊഴിൽ പരിശീലനം എന്നിവ ആരംഭിച്ചു കഴിഞ്ഞു. സയൻസ് പാർക്ക് യാഥാർഥ്യമായതിനുശേഷം പൊതുസ്വകാര്യ പങ്കാളിത്തമടക്കമുള്ള മോഡലുകളിൽ ഏത് വേണമെന്ന് തീരുമാനിക്കും. ഊർജ മേഖല, ഉത്തരവാദിത്ത ടൂറിസം, മത്സ്യ മേഖല തുടങ്ങിയവയിൽ കൂടുതൽ നിക്ഷേപ സാധ്യത പരിശോധിക്കും. നവകേരളം എന്നുള്ളത് പിന്നീട് എപ്പോഴെങ്കിലും വരാനുള്ളതല്ലെന്നും വർത്തമാന കാലത്തുതന്നെ നടപ്പിലാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ജീവശാസ്ത്രം, കാർഷികം, ഐടി, വ്യവസായം, ധനകാര്യം, അടിസ്ഥാനസൗകര്യ വികസനം, ഹരിത ഊർജം എന്നിവയുൾപ്പെടെയുള്ള മേഖലകളിലുള്ള ക്ഷണിക്കപ്പെട്ട 600 പ്രൊഫഷണലുകൾ മുഖാമുഖത്തിൽ പങ്കെടുത്തു.
ശാസ്‌ത്രം പിന്നോട്ടും അന്ധവിശ്വാസം മുന്നോട്ടുമെന്നത് അപകടകരം: മുഖ്യമന്ത്രി
തിരുവനന്തപുരം: വൈജ്ഞാനിക നൂതനസമൂഹമായി നാടിനെ മാറ്റാൻ ശാസ്‌ത്ര സാങ്കേതികരംഗത്തെ മുന്നേറ്റങ്ങൾക്കുള്ള പങ്ക് എന്തൊക്കെയാണെന്ന് പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്‌ത്ര സാങ്കേതികവിദ്യയുടെ പരിപോഷണമല്ല, അന്ധവിശ്വാസത്തിന്റെ പ്രചാരണമാണ് ഏറ്റെടുക്കേണ്ടതെന്ന രാഷ്‌ട്രീയ ആശയങ്ങൾക്ക് മേൽക്കൈവരുന്ന ഘട്ടമാണിത്. ശാസ്‌ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരും ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരും അന്ധവിശ്വാസത്തിന്റെ മുൻനിര പ്രചാരകരാകുന്നത് അപകടകരമായ സ്ഥിതിവിശേഷമാണ്. ശാസ്‌ത്രം പിന്നോട്ടുപോവുകയും അന്ധവിശ്വാസം മുന്നോട്ടുവരികയുംചെയ്യുന്നത് ആശങ്കയുളവാക്കുന്നതാണ് –- സർക്കാർ വാർഷികത്തിന്റെ ഭാഗമായി നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ പ്രൊഫഷണലുകളുമായുള്ള കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി പറഞ്ഞു.
ശാസ്‌ത്ര ഗവേഷണത്തിനും പഠനത്തിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്‌ടിക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഓരോ സെക്കൻഡിലും ശാസ്‌ത്ര സാങ്കേതിക മേഖല വികസിക്കുന്ന കാലമാണിത്. അവയെ അനുനിമിഷം നാടിന്റെ വൈജ്ഞാനിക ശൃംഖലയുമായി കൂട്ടിച്ചേർക്കാനാകണം. ശാസ്‌ത്രപ്രചാരണം നടത്താൻ ചുമതലയുള്ളവരാണ് പൗരന്മാർ എന്ന് എഴുതിവച്ച ഭരണഘടനയുള്ള നാട്ടിലാണ് ശാസ്‌ത്രവും അന്ധവിശ്വാസവും തമ്മിലുള്ള അതിർവരമ്പ് നേർത്തുവരുന്നത്. സയൻസ് കോൺഗ്രസുകളിൽപോലും അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു. അന്ധവിശ്വാസങ്ങൾ ദുർമന്ത്രവാദങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും എത്തുന്ന കാലമാണ്. അതിനാൽ ജനങ്ങളെ ബോധവൽക്കരിക്കാനുള്ള ഇടപെടലുകൾ സമാന്തരമായി ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
0 comments