എറണാകുളത്ത് ഫിനോയിൽ കമ്പനിയിൽ വൻ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം

ആലുവ > എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ടെക്‌സ്മ ഫിനോയിൽ നിർമാണ കമ്പനിയിൽ വൻ തീപിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടം വിതച്ച് ജ്യോതി കെമിക്കൽസ് ഇൻഡസ്ട്രീസ് എന്ന കമ്പനിയിൽ ചൊവ്വ രാത്രി 8നാണ് തീപിടുത്തം ഉണ്ടായത്. കമ്പനിയുടെ പ്രവർത്തനം സമയം കഴിഞ്ഞായതിനാൽ ആളപായമില്ല.
തീപിടിത്തം കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഇടക്കിടയ്ക്ക് വലിയ പൊട്ടിത്തെറിയോടെ ആളിപ്പടർന്ന തീപിടിത്തത്തിൽ കമ്പനി ഏറെക്കുറെ കത്തിയമർന്നു. ഫിനോയിലും മറ്റു ക്ലീനിംഗ് കെമിക്കലുകളും സൂക്ഷിച്ചിരുന്നതിനാൽ തീയണക്കൽ ശ്രമകരമായി. സമീപം പെട്രോളിയം ഉത്പന്നങ്ങൾകൊണ്ട് പാവ ഉണ്ടാക്കുന്ന കമ്പനിയും ചാക്ക് നിർമാണയൂണിറ്റുകളുമുണ്ട്.
തീ പടരാതിരിക്കാൻ ഫയർഫോഴ്സും, പൊലീസും, നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ഫോഴ്സിന്റെ ഏലൂർ, ആലുവ, തൃക്കാക്കര, പറവൂർ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ നിന്നായി പത്തോളം യൂണിറ്റുകൾ എത്തി രണ്ട് മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. കമ്പനിക്ക് എടയാർ വ്യവസായ മേഖലയിൽ മൂന്ന് യൂണിറ്റുകളുണ്ട്. പാതാളം പാലത്തിനുസമീപത്തുള്ള കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്. ഉത്പന്നങ്ങളും യന്ത്രങ്ങളുമെല്ലാം പൂർണമായും കത്തിനശിച്ചു. നഷ്ടം പൂർണമായി കണക്കാക്കിയിട്ടില്ല.
0 comments