മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

fire accident
വെബ് ഡെസ്ക്

Published on Feb 18, 2025, 12:47 PM | 1 min read

മലപ്പപുറം: മലപ്പപുറം കോഡൂർ പഞ്ചായത്തിലെ മാലിന്യശേഖരണ കേന്ദ്രത്തിന് (എംസിഎഫ്) തീപിടിച്ചു. രണ്ടാം വാർഡ് വടക്കേമണ്ണയിൽ നൂറാടിയിലെ കടലുണ്ടി പുഴയ്ക്ക് സമീപമുള്ള എംസിഎഫിനാണ് തീപിടിച്ചത്. ചൊവ്വ പകൽ 12ഓടെയാണ് സംഭവം. പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന് ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. അപകടസമയം എട്ട് ഹരിതകർമ സേനാംഗങ്ങൾ എംസിഎഫിനകത്ത് ഉണ്ടായിരുന്നു.


പൊട്ടിത്തെറി ശബ്ദംകേട്ട് ഇതിൽ ഒരാൾ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. ഉടൻ എല്ലാവരും പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. ഇവരുടെ പണവും ഒരാളുടെ മൊബൈൽ ഫോണും എംസിഎഫിന് അകത്തായി. ഏകദേശം 12,000 രൂപയോളം നഷ്ടപ്പെട്ടതായി ഹരിതകർമ സേനാംഗങ്ങൾ പറഞ്ഞു. മലപ്പുറം ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പുക പടരുന്നത് ഒഴിവാക്കാൻ ഫയർഫോഴ്സ് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. തൊട്ടടുത്തുള്ള കടലുണ്ടി പുഴയിൽ മോട്ടോർവച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്. പെരിന്തൽമണ്ണയിൽനിന്ന് മറ്റൊരു പവർ പമ്പുകൂടി സ്ഥലത്ത് എത്തിച്ചു.


പഞ്ചായത്തിൻ്റെ എംസിഎഫിനെതിരെ പ്രദേശവാസികൾക്ക് എതിർപ്പുണ്ടായിരുന്നതായി ഹരിതകർമ സേനാംഗങ്ങൾ പറഞ്ഞു. ആരെങ്കിലും മനപ്പൂർവം തീയിട്ടതാണോയെന്ന സംശയവും ഇവർക്കുണ്ട്. മുൻവർഷങ്ങളിൽ കടലുണ്ടി പുഴയിലെ വെള്ളം കയറി ഇവിടുത്തെ മാലിന്യങ്ങൾ ഒലിച്ചുപോയിരുന്നു. കെട്ടിടത്തിന് ചുറ്റുമതിലോ നിരീക്ഷണ ക്യാമറകളോ ഇല്ല. പഞ്ചായത്ത് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.



deshabhimani section

Related News

0 comments
Sort by

Home