ആരോഗ്യവകുപ്പിൽ അധിക തസ്‌തിക : ഗുണം 14 ജില്ലയ്‌ക്കും

തിരുവനന്തപുരം
സംസ്ഥാനത്ത് നിർമാണം പൂർത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാക്കുന്നതിന് വിവിധ മേഖലകളിലായി സൃഷ്‌ടിച്ച 570 തസ്‌തിക ഗുണം ചെയ്യുക 14 ജില്ലകൾക്കും. 570 തസ്‌തിക സൃഷ്‌ടിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
അസിസ്‌റ്റന്റ് സർജൻ–-35, നഴ്‌സിങ് ഓഫീസർ ഗ്രേഡ് II–-150, ഫാർമസിസ്റ്റ് ഗ്രേഡ് II–-250, ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് II–-135 എന്നിങ്ങനെ തസ്‌തിക സൃഷ്‌ടിക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഓരോ ജില്ലയിലും അവശ്യം വേണ്ടുന്ന അസിസ്‌റ്റന്റ് സർജൻ ഒഴികെയുള്ള തസ്തികകൾ നിശ്ചയിച്ചാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
മൂന്നു മെഡിക്കൽ ഓഫീസർ, നാലു സ്‌റ്റാഫ് നഴ്‌സ്, രണ്ട് ഫാർമസിസ്‌റ്റ്, ഒരു ലാബ് ടെക്‌നീഷ്യൻ എന്നിങ്ങനെയാണ് ഒരു കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ടാകുക.
സംസ്ഥാനത്തെ 885 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കെട്ടിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചും ഘട്ടംഘട്ടമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നത്. രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെയുള്ള ഒപി സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രത്യേകത.
നഴ്‌സിങ് ഓഫീസർ, ഫാർമസിസ്‌റ്റ്, ലാബ് ടെക്‌നീഷ്യൻ എന്നിവയിലായി തിരുവനന്തപുരത്ത് 56, കൊല്ലത്ത് 39, പത്തനംതിട്ടയിൽ 28, ആലപ്പുഴയിൽ 30, കോട്ടയം 38, ഇടുക്കി 17, എറണാകുളം 47, തൃശൂർ 57, പാലക്കാട് 40, മലപ്പുറം 52, കോഴിക്കോട് 58, വയനാട് 18, കണ്ണൂർ 33, കാസർകോട് 22 എന്നിങ്ങനെയാണ് തസ്‌തിക സൃഷ്‌ടിച്ചത്.
Related News

0 comments