സർക്കാരിൽ പൂർണപ്രതീക്ഷ; ആരോഗ്യമന്ത്രിയുടെ വാക്കിൽ വിശ്വാസമുണ്ട്: ബിന്ദുവിന്റെ ഭർത്താവ്

തലയോലപ്പറമ്പ്: സംസ്ഥാന സർക്കാർ കുടുംബത്തിനായി ചെയ്യുമെന്ന് പറഞ്ഞ കാര്യങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. ആരോഗ്യമന്ത്രി വീണാ ജോർജ് തലയോലപ്പറമ്പിലെ വീട്ടിലെത്തി സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിശ്രുതൻ.
മന്ത്രി വീട്ടിലെത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നു. സർക്കാരിന്റെ സഹായം കുടുംബത്തിന് ആവശ്യമാണ്. മകന്റെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലി വേണമെന്നാണ് മന്ത്രിയോട് ആവശ്യപ്പെട്ടത്. മന്ത്രി അതിൽ ഉറപ്പ് നൽകി. ആ വാക്കിൽ വിശ്വാസമുണ്ട്. മകളുടെ ചികിത്സയ്ക്ക് നാളെ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകും. അവിടെ സൗകര്യമൊരുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. സർക്കാർ നടപടികളിൽ പൂർണപ്രതീക്ഷയുണ്ടെന്നും വിശ്രുതൻ പറഞ്ഞു.
ഒരു അത്യാഹിതം സംഭവിച്ചു. എന്നാൽ അതിൽ മന്ത്രി രാജിവെക്കേണ്ട കാര്യമില്ല. അത്തരംകാര്യങ്ങളിൽ എനിക്ക് താൽപര്യമില്ല. കെട്ടിടം തകർന്നതിൽ കൃത്യമായ അന്വേഷണം വേണം- വിശ്രുതൻ പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യമന്ത്രി എത്തിയത്. കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ബിന്ദുവിന്റെ മകളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. മകന് ജോലി നല്‍കുന്നതുള്‍പ്പെടെ സര്‍ക്കാര്‍ പരിഗണിക്കുമെന്നും സാമ്പത്തിക സഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. വിശദമായ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്നാണ് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. കളക്ടറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായം പ്രഖ്യാപിക്കുക.
0 comments