എസ്‌എടിയിൽ ഗ്രോത്ത് ഹോർമോൺ ചികിത്സയും: കെയർ പദ്ധതിയിലൂടെ സൗജന്യമായി നൽകും


സ്വന്തം ലേഖിക
Published on Feb 28, 2025, 08:56 PM | 1 min read
തിരുവനന്തപുരം: കുട്ടികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന "ഗ്രോത്ത് ഹോർമോൺ' ചികിത്സ ആരംഭിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. കെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജിഎച്ച് ചികിത്സ ആരംഭിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
ജന്മനായുള്ള വൈകല്യങ്ങൾ കണ്ടെത്തി കുഞ്ഞുങ്ങൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. ലക്ഷക്കണക്കിന് രൂപ ചെലവുള്ള ഹോർമോൺ ചികിത്സ കെയർ പദ്ധതിയിലൂടെ സൗജന്യമായാണ് നടത്തുന്നത്. അപൂർവ രോഗങ്ങൾക്കുള്ള മികവിന്റെ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്എടി ആശുപത്രിയിലാണ് ചികിത്സയ്ക്കായുള്ള പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്. 20 കുട്ടികൾക്ക് ഗ്രോത്ത് ഹോർമോൺ കുറവിനുള്ള ചികിത്സ ആരംഭിച്ചു. ടർണർ സിൻഡ്രോം ബാധിച്ച 14 പേർക്കും ജിഎച്ച് കുറവുള്ള ആറുപേർക്കുമാണ് സെന്റർ ഓഫ് എക്‌സലൻസിന്റെ കീഴിൽ ജിഎച്ച് തെറാപ്പി ആരംഭിച്ചത്. രോഗികളെ മൾട്ടി ഡിസിപ്ലിനറി ടീം വിശദമായി പരിശോധിച്ചാണ് ജിഎച്ച് തെറാപ്പി നൽകിയത്.
അപൂർവ രോഗ പരിചരണ മേഖലയിൽ പുത്തൻ ചുവടുവയ്പ്പായി 2024 ഫെബ്രുവരിയിലാണ് സംസ്ഥാന സർക്കാർ കെയർ പദ്ധതി ആരംഭിച്ചത്. കെയർ പദ്ധതിയുടെ ഭാഗമായി എസ്എംഎ രോഗത്തിന് 100 കുട്ടികൾക്ക് വിലയേറിയ ചികിത്സയും നൽകുന്നുണ്ട്.
എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ് ബിന്ദു, പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. ജി എസ് ബിന്ദു, സ്‌പെഷ്യലിസ്റ്റ് ഡോ. വി എച്ച് ശങ്കർ, ഡോ. ഐ റിയാസ്, ഡോ. എ ഒ വിനിത, നോഡൽ ഓഫീസർ ഡോ. രാഹുൽ എന്നിവർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.
എന്താണ് ഗ്രോത്ത് ഹോർമോൺ
ശരീരത്തിലെ വളർച്ചയെയും വികാസത്തെയും നിയന്ത്രിക്കുന്ന ഒരു പ്രധാന ഹോർമോണാണ് ഗ്രോത്ത് ഹോർമോൺ. പിറ്റ്യൂറ്ററി ഗ്രന്ഥിയാണ് ഉൽപ്പാദിപ്പിക്കുന്നത്. കുട്ടികളുടെയും കൗമാരക്കാരുടെയും വളർച്ചയെ സഹായിക്കുന്നു. പേശികളുടെ വളർച്ചയ്ക്കും ബലത്തിനും ഇത് ആവശ്യമാണ്. ഗ്രോത്ത് ഹോർമോണിന്റെ കുറവ് കുട്ടികളിൽ വളർച്ച മുരടിപ്പിക്കും. മുതിർന്നവരിൽ പേശികളുടെ ബലക്കുറവ്, ക്ഷീണം, അസ്ഥികളുടെ ബലക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകാം. ഈ രോഗം ആരംഭത്തിലേ ശാസ്ത്രീയമായി ചികിത്സിച്ചില്ലെങ്കിൽ വളർച്ച മുരടിപ്പിനും മറ്റ് ഗുരുതര ശാരീരിക പ്രശ്‌നങ്ങൾക്കും കാരണമാകും.
0 comments