കേന്ദ്രവിഹിതത്തിൽ ഉൽക്കണ്‌ഠ ; ആവശ്യങ്ങളിൽ ശുഭപ്രതീക്ഷ


മിൽജിത് രവീന്ദ്രൻ
Published on Jan 17, 2025, 11:38 PM | 1 min read
തിരുവനന്തപുരം
കേരളത്തിനുള്ള കേന്ദ്രവിഹിതം കുറയുന്നതിൽ ഉൽക്കണ്‌ഠ പ്രകടിപ്പിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം. യൂണിയൻ സർക്കാരിൽനിന്നുള്ള സാമ്പത്തിക വിഹിതം കുറഞ്ഞതിനാൽ സംസ്ഥാനം പണഞെരുക്കം നേരിടുന്നതായി പറഞ്ഞ ഗവർണർ, കേരളത്തിന്റെ ആവശ്യങ്ങൾക്ക് കേന്ദ്രത്തിൽനിന്ന് അനുകൂല പരിഗണന ലഭിക്കുമെന്ന ശുഭാപ്‌തി വിശ്വാസവും പ്രകടിപ്പിച്ചു.
റവന്യു വരുമാനം സമാഹരിക്കാനും ചെലവു യുക്തിസഹമാക്കാനും സംസ്ഥാനം ആത്മാർഥമായി ശ്രമിക്കുമ്പോഴും യൂണിയൻ വിഹിതത്തിലെ കുറവ് സംസ്ഥാനത്തിന്റെ പ്രധാന ഉൽക്കണ്‌ഠയാണ്. റവന്യു വരുമാനം വർധിപ്പിക്കാൻ സംസ്ഥാനം ശ്രമിക്കുമ്പോഴും ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തലാക്കിയതിന്റെയും റവന്യുകമ്മി ഗ്രാന്റ് കുറഞ്ഞുവരുന്നതിന്റെയും ഫലമായി സാമ്പത്തിക ഞെരുക്കം നേരിടുകയാണ്. 16–-ാം ധനകമീഷൻ കേരളം സന്ദർശിച്ച വേളയിൽ നൽകിയ വിശദമായ നിവേദനത്തിൽ കേരളം നേരിടുന്ന പ്രശ്‌നങ്ങൾ വ്യക്തമാക്കുകയും ഗുണപരമായ നടപടികൾ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. ഇക്കാര്യത്തിൽ ശുഭപ്രതീക്ഷയുണ്ട്.
കേന്ദ്രപൂളിൽനിന്നുള്ള കേരളത്തിന്റെ വിഹിതം 10–-ാം ധനകമീഷന്റെ കാലത്ത് 3.875 ശതമാനമായിരുന്നത് 15–-ാം ധനകമീഷന്റെ കാലത്ത് 1.925 ശതമാനമായി കുറഞ്ഞു. ജിഎസ്‌ടി നഷ്ടപരിഹാരവും റവന്യുകമ്മി ഗ്രാന്റുകളും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ നിയന്ത്രണ വ്യവസ്ഥകളുമായി കൂട്ടിയോജിപ്പിച്ച് നിർത്തലാക്കിയതും പുതിയ വായ്‌പാ നിയന്ത്രണങ്ങളും സർക്കാരിന് സാരമായ സാമ്പത്തിക വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ഈ തടസങ്ങൾക്കിടയിലും ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ നിറവേറ്റുന്നതിൽ സംസ്ഥാനം ഉറച്ചുനിന്നു.
ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കൽ ചെലവുകളുടെ പ്രധാനഭാഗം സംസ്ഥാന സർക്കാർ വഹിച്ചിട്ടുണ്ട്. ഈ തുക സംസ്ഥാനത്തിന്റെ വായ്‌പയെടുക്കൽ പരിധിക്കുള്ളിൽ ഉൾപ്പെടുത്തുന്നത് വൻകിട അടിസ്ഥാനസൗകര്യ പദ്ധതികളെ പിന്തുണയ്‌ക്കുന്നതിൽനിന്ന് കേരളത്തെ പിന്തിരിപ്പിക്കും. ഈ സാമ്പത്തിക വർഷം 6000 കോടി രൂപ നിരുപാധികം വായ്‌പയെടുക്കാൻ അനുവദിക്കണമെന്ന് കേരളം അഭ്യർഥിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന്റെ പൂർണശേഷി പ്രയോജനപ്പെടുത്താൻ സംസ്ഥാനം 5000 കോടി രൂപയുടെ പ്രത്യേക സഹായമാണ് തേടിയത്. വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങിനുള്ള തിരിച്ചടവ് നിബന്ധന പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിജിഎഫ് പ്രത്യേക ഗ്രാന്റായി മാറ്റുന്നത് തുറമുഖത്തിന് നേട്ടമാകുമെന്നും ഗവർണർ പറഞ്ഞു.
Related News

0 comments