Deshabhimani

എംഎസ്എംഇകളുടെ പ്രൊഫഷണൽ ടാക്‌സ്: കെ സ്വിഫ്റ്റിലൂടെ രജിസ്റ്റർ ചെയ്യാം

k swift
വെബ് ഡെസ്ക്

Published on Jun 13, 2025, 03:48 PM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പ്രൊഫഷണൽ ടാക്‌സ് രജിസ്‌ട്രേഷനും തുടർനടപടികള്‍ക്കുമായി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്ഐഡിസി) ഏകജാലക ഓൺലൈൻ പ്ലാറ്റ് ഫോം ആരംഭിച്ചു. കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ലിയറൻസ് ( കെ സ്വിഫ്റ്റ് )വഴി ഇനി പ്രസ്തുത നടപടികള്‍ വേഗത്തിലാക്കാം.


പ്രൊഫഷണൽ ടാക്‌സ് രജിസ്‌ട്രേഷനായി സംരംഭകർക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും നിശ്ചിത സമയപരിധിക്കുള്ളിൽ അവ നേടാനും ഈ വെബ്‌പോർട്ടലിലൂടെ സാധ്യമാകും. ജീവനക്കാർ, പ്രൊഫഷണലുകൾ, ബിസിനസുകാർ എന്നിവരിൽ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന പ്രൊഫഷണൽ ടാക്‌സ് എംഎസ്എംഇകൾക്കും നിയമപരമായി ബാധകമാണ്.


ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (ഇഒഡിബി) മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കുന്ന മുൻനിര സംരംഭങ്ങളുടെ ഭാഗമായാണ് കെ സ്വിഫ്റ്റ് സജ്ജീകരിച്ചിട്ടുള്ളത്. ഈ പോർട്ടലിലൂടെ എംഎസ്എംഇകൾക്ക് രജിസ്‌ട്രേഷനും അപേക്ഷിക്കാനാകും. ആവശ്യമായ ലൈസൻസുകളും സർട്ടിഫിക്കറ്റുകളും ഓൺലെനായി സമർപ്പിച്ച് നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ നേരിട്ട് ഹാജരാകുന്നതിലൂടെ സംരംഭകർക്ക് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.


സംസ്ഥാനത്ത് സംരംഭങ്ങൾ തുടങ്ങാനും പ്രവർത്തിപ്പിക്കാനും ആഗ്രഹിക്കുന്നവർക്കായി പ്രവർത്തിക്കുന്ന ഓൺലൈൻ ഏകജാലക ക്ലിയറൻസ് സംവിധാനമാണ് കെ സ്വിഫ്റ്റ്. പ്രൊഫഷണൽ ടാക്‌സ് രജിസ്‌ട്രേഷൻ, സർക്കാർ അംഗീകാരങ്ങൾ സുഗമമാക്കൽ എന്നിവയുൾപ്പെടെ ബിസിനസുകൾക്ക് പ്രത്യേകിച്ച് എംഎസ്എംഇകൾക്ക് കെ സ്വിഫ്റ്റ് വിവിധ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. 'സംരംഭക വർഷം' പദ്ധതി 2023 ൽ ആരംഭിച്ചതോടെ കേരളത്തിൽ എംഎസ്എംഇ രജിസ്‌ട്രേഷനിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഇതിൻറെ ഭാഗമായി സംസ്ഥാനത്ത് ഏകദേശം 3.5 ലക്ഷം പുതുസംരംഭങ്ങൾ ആരംഭിച്ചു.


പുതിയ സംരംഭകരിൽ 31 ശതമാനം സ്ത്രീകളും നാല് ശതമാനം എസ്‍സി/എസ്ടി സമുദായങ്ങളിൽ നിന്നുള്ളവരുമാണ്. 50 ശതമാനത്തിലധികം സംരംഭകർ ഒബിസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ട്രാൻസ് ജെൻഡർ സമൂഹത്തിനും ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. പ്രൊഫഷണൽ ടാക്‌സ് അടയ്ക്കാനുള്ള സൗകര്യം കെ സ്വിഫ്റ്റ് പോർട്ടൽ വഴി ലഭിക്കുന്നത് സംരംഭകർക്ക് മുതൽക്കൂട്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെ സ്വിഫ്റ്റ് ഓൺലൈൻ സംവിധാനത്തിലൂടെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ക്ലിയറൻസുകൾക്കായി സംരംഭകർക്ക് അപേക്ഷിക്കാനാകും.





deshabhimani section

Related News

View More
0 comments
Sort by

Home