'ഉടനെയൊന്നും ഞാൻ മരിക്കാൻ ഉദ്ദേശിക്കുന്നില്ല'; വ്യാജ വാർത്തയിൽ പ്രതികരിച്ച് ജി വേണുഗോപാൽ

ഒരാൾ മരിച്ചുവെന്ന് ആരെങ്കിലും വെറുതെ പറയുമോ? സംശയിക്കണ്ട, ചില വ്യാജന്മാര്‍ അങ്ങനെയും പറയും. മരണ വാർത്തയിൽ വരെ വ്യാജൻ കടന്നുകൂടിയെന്ന് പറഞ്ഞാൽ അതിശയമാകില്ല. ഇപ്പോഴിതാ മലയാളികളുടെ പ്രിയ ഗായകൻ ജി വേണുഗോപാൽ മരിച്ചതായി വ്യാജന്മാർ വാര്‍ത്ത പ്രചരിപ്പിച്ചിരിക്കുകയാണ്. മുമ്പും ഇതേ തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു. ഗായകൻ തന്നെയാണ് വ്യാജവാർത്തയുടെ സ്ക്രീൻ ഷോട്ടുകൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. രസകരമായ അടിക്കുറിപ്പോടെയാണ് ജി വേണുഗോപാൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ജി വേണുഗോപാൽ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ😅. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എൻ്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ " ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്...." എന്ന ശീർഷകത്തോടെ അയച്ച് തന്നത്.
ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ....😁😁😁 VG.
0 comments