കൊട്ടും കുരവയുമായി കോവളത്ത് ഒരു വിദേശ കല്യാണം

വിഴിഞ്ഞത്ത് ഹിന്ദു ആചാരപ്രകാരം നടന്ന ഡൊമിനികിന്റെയും കാമിലയുടേയും വിവാഹം
കോവളം: കൊട്ടും കുരവയും വാദ്യമേളങ്ങളുമായി തിരുവനന്തപുരം കോവളത്ത് വിദേശികൾക്ക് മാംഗല്യം. വിഴിഞ്ഞം പിറവിളാകം ക്ഷേത്രത്തിലാണ് ഹിന്ദു ആചാരപ്രകാരം വിദേശികൾ വിവാഹം കഴിച്ചത്. ക്ഷേത്ര സന്നിധിയിലെ കതിർമണ്ഡപത്തിൽ വച്ച് അമേരിക്കക്കാരൻ ഡൊമനിക് കാമില്ലോ വോളിനി, ഡെൻമാർക്കുകാരി കാമില ലൂയിസ് ബെൽ മദാനിയുടെ കഴുത്തിൽ താലി ചാർത്തി.
കേരള രീതിയിൽ വിവാഹ ക്ഷണക്കത്ത് അടിച്ച് കേരളത്തിലെ സുഹൃത്തുക്കളെ ഉള്‍പ്പെടെ ക്ഷണിച്ചാണ് വിവാഹം നടത്തിയത്. കേരളത്തെ കുറിച്ച് പഠിക്കാനെത്തിയ ഡൊമനികിനാണ് ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന ആഗ്രഹം ഉണ്ടായത്. തുടർന്ന് കാമിലയും ഇതിന് സമ്മതം മൂളുകയായിരുന്നു.
കേരളത്തിൽ വച്ച് തന്നെയായിരുന്നു ഇരുവരും പ്രണയത്തിലായതും. രണ്ടര വർഷമായി കോവളത്ത് കളരി അഭ്യസിക്കുകയാണ് ഡൊമനികും കാമിലയും.
ബുധനാഴ്ച രാവിലെ 10നും 10.25നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. ഡൊമിനിക്കിനെ കാമിലയുടെ മാതാപിതാക്കളും സുഹൃത്തുക്കളും ബൊക്കെയും ഹാരവുമണിയിച്ച് സ്വീകരിച്ചു. വിവാഹശേഷം സദ്യയും ഒരുക്കിയിരുന്നു.
ക്ഷണം സ്വീകരിച്ചെത്തിയ സുഹൃത്തുക്കളും നാട്ടുകാരും അടക്കം നിരവധിപേർ വിവാഹത്തിൽ പങ്കെടുത്തു. കേരളീയ സംസ്കാരത്തെ അറിയാനും അതിൽ പങ്കാളികളാകാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.
Related News

0 comments