Deshabhimani

അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധം: ഗേറ്റ് തകർത്ത് അകത്തു കടക്കാൻ ശ്രമം

ernakulam-angamaly archdiocese
വെബ് ഡെസ്ക്

Published on Jan 11, 2025, 01:17 PM | 1 min read

കൊച്ചി: എറണാകുളം–അങ്കമാലി അതിരൂപത ബിഷപ് ഹൗസിനു മുന്നിലെ പ്രതിഷേധം രൂക്ഷമായി തുടരുന്നു. ബിഷപ് ഹൗസിലേക്ക് കടക്കണമെന്ന ആവശ്യവുമായി വൈദികരും വിശ്വാസികളും ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ ​​ഗേറ്റിനു മുന്നിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ​ഗേറ്റിന്റെ കമ്പികൾ പ്രതിഷേധക്കാർ തകർത്തു. കയറുകെട്ടു വലിച്ച് താഴെയിടാനുള്ള ശ്രമത്തിൽ ​ഗേറ്റിന്റെ ഒരു ഭാ​ഗം അടർന്നു വീണു. ഇതിലൂടെ അകത്തു കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതിനു പിന്നാലെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ​​ഗേറ്റ് തകർത്ത് അകത്തു കടക്കാനുള്ള ശ്രമം പ്രതിഷേധക്കാർ തുടരുകയാണ്. പ്രതിഷേധത്തിനെതിരെ ഔദ്യോ​ഗിക പ്രതികരണവുമായി സിറോ മലബാർ സഭ രം​ഗത്തെത്തി. വാർത്തകളിൽ ഇടം നേടാനുള്ള ശ്രമം മാത്രമാണ് വിമത വിഭാ​ഗം നടത്തുന്നതെന്ന് സഭ വാർത്താക്കുറിപ്പിൽ വിമർശിച്ചു.
കഴിഞ്ഞ മൂന്ന് ദിവസമായി അതിരൂപതയിൽ വിമത വിഭാ​ഗത്തിൻ്റെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഏകീകൃത കുർബാന വിഷയത്തിൽ നാല് വൈദികർക്കെതിരെ നടപടിയെടുത്തിൽ പ്രതിഷേധിച്ച് വിമത വിഭാ​ഗത്തിൽപ്പെട്ട 21 വൈദികർ ബിഷപ് ഹൗസിൽ നിരാഹാരസമരം ആരംഭിച്ചു. കാനോനിക നിയമങ്ങളും സിവിൽ നിയമങ്ങളും ലംഘിച്ചാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ വൈദികരെ സസ്പെൻഡ് ചെയ്തതെന്നും നടപടി പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നും വൈദികർ വ്യക്തമാക്കിയിരുന്നു.
നിരാഹാര സമരമിരുന്ന വൈദികരെ പൊലീസ് നീക്കിയതിന് പിന്നാലെയാണ് സമരമിരുന്ന വൈദികരെ അനുകൂലിക്കുന്ന വിശ്വാസികൾ പൊലീസുമായും തർക്കമാരംഭിച്ചത്. സമാധാനപരമായ പ്രതിഷേധം തടയില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെ പ്രതിഷേധത്തിന് ഇടയ്ക്ക് അയവുണ്ടായിരുന്നു. എന്നാൽ റോഡ് തടഞ്ഞുള്ളതോ ബിഷപ് ഹൗസിലേക്ക് കടന്നുള്ളതോ ആയ പ്രതിഷേധം അനുവദിക്കില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പ്രതിഷേധക്കാർ വീണ്ടും അക്രമാസക്തരാകുകയായിരുന്നു.
അതിരൂപതാ ആസ്ഥാനത്ത് ഇരുവിഭാഗം വിശ്വാസികൾ തമ്മിലും ഏറ്റുമുട്ടൽ ഉണ്ടായി. വൈദികർ അരമനയിൽ പ്രവേശിച്ച ഉടൻ ഒരുകൂട്ടം വിശ്വാസികൾ ഇവർക്ക് പിന്തുണയുമായെത്തിയിരുന്നു. അതിനോടൊപ്പം തന്നെ ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. ഇരുപക്ഷത്തെയും വിശ്വാസികൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.



deshabhimani section

Related News

0 comments
Sort by

Home