മുത്തൂറ്റ് ഫിനാൻസ് ക്രമക്കേട് ; ചെയർമാനെയും എംഡിയെയും ഇഡി ചോദ്യംചെയ്‌തു

കൊച്ചി
ഗുണഭോക്താക്കളെയും ജീവനക്കാരെയും വഞ്ചിച്ചെന്നും കോടികളുടെ ക്രമക്കേട് നടത്തിയെന്നുമുള്ള നിക്ഷേപകരുടെ പരാതിയെ തുടർന്ന് മുത്തൂറ്റ് ഫിനാൻസ് ചെയർമാനെയും എംഡിയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്‌തു. വ്യാഴം രാവിലെ ഇഡിയുടെ കടവന്ത്രയിലെ പുതിയ ഓഫീസിലേക്കാണ് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് ജേക്കബ്, എംഡി ജോർജ് അലക്‌സാണ്ടർ എന്നിവരെ ചോദ്യംചെയ്യലിനായി വിളിപ്പിച്ചത്.
സംസ്ഥാനത്തെങ്ങുമുള്ള മുത്തൂറ്റിന്റെ ശാഖകളിലൂടെ നിരവധി നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന് രൂപ വാങ്ങി കബളിപ്പിച്ചതായാണ് പരാതി. ക്രമക്കേടുകളുടെ വിശദരേഖകൾ സഹിതം അഖിൽ തന്പി എന്നയാളും ഇഡിക്ക് പരാതി നൽകിയിട്ടുണ്ട്.
കൂടാതെ, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ജനറൽ ഇൻഷുറൻസ് കന്പനികളിലെ ജീവനക്കാരുടെ ഇൻസെന്റീവ് ഉൾപ്പെടെ ജീവനക്കാർക്ക് ലഭിക്കേണ്ട തുകയും സമ്മാനങ്ങളും, ക്യാഷ് വൗച്ചറുകളും തട്ടിയെടുത്തെന്ന ജീവനക്കാരുടെ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. നേരത്തേ ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണവും നടന്നിരുന്നു.
കഴിഞ്ഞമാസം 28ന് ചോദ്യംചെയ്യലിന് ഹാജരാകാൻ ഇഡി ഇരുവർക്കും നോട്ടീസ് അയച്ചിരുന്നു. അന്ന് ആരോഗ്യപരമായ കാരണങ്ങൾ കാണിച്ച് ഹാജരായില്ല. തുടർന്നാണ് വ്യാഴാഴ്‌ച ഇഡി ഓഫീസിലേക്ക് ഇരുവരെയും വിളിച്ചുവരുത്തിയത്.
രാവിലെ ഇഡി ഓഫീസിൽ ഹാജരായ മുത്തൂറ്റ് ഫിനാൻസ് ചെയർമാനെയും എംഡിയെയും മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ വൈകിട്ടോടെയാണ് വിട്ടയച്ചത്. വീണ്ടും വിളിക്കുന്പോൾ ചോദ്യംചെയ്യലിന് ഹാജരാകണമെന്നും അറിയിച്ചിട്ടുണ്ട്.









0 comments